ദില്ലി: കൊവിഡിനെ തുടർന്ന് രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങൾക്ക് (പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടുതലുള്ള സംസ്ഥാനങ്ങൾ) കൂടുതൽ വരുമാന നഷ്ടം ഉണ്ടാകുമെന്ന് എസ്ബിഐ റിപ്പോർട്ട്. ദില്ലിയാവും ഏറ്റവും വലിയ തിരിച്ചടി നേരിടുക. സമ്പത്ത് കൂടുതലുള്ള എട്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വലിയ നഷ്ടമായിരിക്കും നേരിടുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.

എസ്ബിഐയിലെ സാമ്പത്തിക വിദ​ഗ്ദ സൗമ്യ കാന്തി ഘോഷാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ സംസ്ഥാനങ്ങളാണ് രാജ്യത്തിന്റെ ജിഡിപിയിൽ പകുതിയോളം സംഭാവന ചെയ്യുന്നത്. ദില്ലിയിൽ ആളോഹരി വരുമാനത്തിൽ 15.4 ശതമാനം ഇടിയും. 

ഛണ്ഡീഗഡിൽ 13.9 ശതമാനവും ഗുജറാത്തിൽ 11.6 ശതമാനവും തമിഴ്‌നാട്ടിൽ 11.4 ശതമാനവും തെലങ്കാനയിൽ 11.1 ശതമാനവും പശ്ചിമ ബംഗാളിൽ 11.1 ശതമാനത്തിന്റെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ 10.6 ശതമാനത്തിന്റെയും മഹാരാഷ്ട്രയിൽ 10.3 ശതമാനത്തിന്റെയും ഇടിവായിരിക്കും ഉണ്ടാവുക.

രാജ്യത്തിന്റെ ആകെ കണക്കെടുത്താൽ ആളോഹരി വരുമാനം 5.4 ശതമാനം ഇടിയും. ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ ലോക്ക്ഡൗൺ ഉണ്ടായത് ഇന്ത്യയിലാണ്. പ്രധാന നഗരങ്ങളെല്ലാം കൊവിഡിന്റെ ഹോട്ട്സ്പോട്ടുകളായി. മുംബൈയും ദില്ലിയും ചെന്നൈയും അടക്കമുള്ള നഗരങ്ങൾ ഇതിലുൾപ്പെട്ടു. തൊഴിൽ നഷ്ടവും വരുമാന നഷ്ടവും വർധിച്ചു. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ പ്രവർത്തനം പൂർണ്ണതോതിൽ സജീവമായിട്ടില്ല.