Asianet News MalayalamAsianet News Malayalam

ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: എസ് ബി ഐ

ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം നിലവിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്.

SBI report says India is likely to become third largest economy by 2029
Author
First Published Sep 4, 2022, 3:50 PM IST

ദില്ലി: ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 2014 ൽ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന രാജ്യം 15 വർഷം കൊണ്ടാണ് ഈ വലിയ മുന്നേറ്റം സാധ്യമാക്കുക എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടതാണ് ഈ റിപ്പോർട്ട്. 

ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം നിലവിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ഡോളര്‍ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് യുകെയുടെ സ്ഥാനം.  2011 ല്‍ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു യുകെ. എന്നാല്‍ 2021ലെ അവസാന മൂന്നുമാസങ്ങളിലെ ഇന്ത്യയുടെ പ്രകടനം യുകെയെ മറികടക്കുകയായിരുന്നു. ക്രമാതീതമായി വര്‍ധിച്ച ജീവിതച്ചെലവാണ് യുകെയെ ഇന്ത്യക്ക് പിന്നിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.  

എന്നാൽ എസ് ബി ഐ റിപ്പോർട്ട് പ്രകാരം 2021 ഡിസംബറിൽ തന്നെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു. നടപ്പുപാദത്തില്‍ രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റവും ഇന്ത്യയുടെ നില ഭദ്രമാക്കാനാണ് സാധ്യത. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. 

ആഗോള ജിഡിപിയിൽ ഇന്ത്യയുടെ പങ്ക് ഇപ്പോൾ 3.5% ആണ്. 2014 ഇത് 2.6 ശതമാനമായിരുന്നു. 2027 ൽ ഇന്ത്യയുടെ ജിഡിപി ആഗോള ജിഡിപിയുടെ നാലു ശതമാനം ആയിരിക്കും. അതോടെ ജർമനിയെ മറികടക്കാൻ ഇന്ത്യക്ക് സാധിക്കും. എന്നാൽ ആളോഹരി ജിഡിപിയിൽ ഇപ്പോഴും ഇന്ത്യ മറ്റു ലോകരാജ്യങ്ങൾക്ക് വളരെ പിന്നിലാണ്. 2021 ൽ 2227 ഡോളറായിരുന്നു ഇന്ത്യയുടെ ആളോഹരി ജിഡിപി. അതേസമയം യുകെയുടെ ആളോഹരി ജിഡിപി 47334 ഡോളറായിരുന്നു. ചൈനയിൽ ഇത് 12556 ഡോളറായിരുന്നു.

Read More :  മക്കളുടെ ഭാവി, സാമ്പത്തിക ഭദ്രമാക്കാം; എസ്ബിഐ വഴിയൊരുക്കും, പക്ഷേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്!

Follow Us:
Download App:
  • android
  • ios