രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലെ അവകാശികളില്ലാത്ത 1.82 ലക്ഷം കോടി രൂപ തിരികെ നൽകാൻ കേന്ദ്രം ഊർജിത നടപടി തുടങ്ങി. കൃത്യമായ രേഖകൾ നൽകി പണം കൈപ്പറ്റാമെന്നും, നിർദ്ദിഷ്‌ട വെബ്സൈറ്റുകൾ വഴി എല്ലാവരും തങ്ങളുടെ നിക്ഷേപം പരിശോധിക്കണമെന്നും ധനമന്ത്രി
ദില്ലി: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിൽ അവകാശികൾ ഇല്ലാതെ കിടക്കുന്ന 1. 82 ലക്ഷം കോടി രൂപ അർഹർക്ക് മടക്കി നൽകാൻ ഊർജിത നടപടി തുടങ്ങി കേന്ദ്രം. കൃത്യമായ രേഖകളുമായി വന്നാൽ ആ നിമിഷം പണം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. അവകാശപ്പെട്ട നിക്ഷേപം ഉണ്ടോ എന്ന് എല്ലാവരും വെബ്‌സൈറ്റുകളിൽ പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. നിർമല സീതാരാമൻ ഇന്നലെ പറഞ്ഞത് കേൾക്കാം. ബാങ്കുകളിൽ മാത്രം അവകാശികൾ ഇല്ലാത്ത 75000 കോടിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആണുള്ളത്. ഈ ഭീമമായ തുക അവകാശികൾക്ക് കിട്ടി വിപണിയിൽ എത്തിയാൽ രാജ്യത്തിൻറെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണർവ് ഉണ്ടാകുമെന്ന് സർക്കാർ കരുതുന്നു.
നമുക്ക് അവകാശപ്പെട്ട നിക്ഷേപം നമ്മൾ അറിയാതെ ബാങ്കിൽ ഉണ്ടോ എന്നറിയാൻ udgam.rbi.org.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് പരിശോധിക്കാം. നമ്മൾ അനന്തരാവകാശികളായ ഇൻഷുറൻസ് നിക്ഷേപങ്ങൾ ഉണ്ടോ എന്നറിയാൻ bimabharosa.irdai.gov.in വെബ്‌സൈറ്റ് ഉണ്ട്. അനന്തരാവകാശികൾ ഇല്ലാത്ത ഓഹരി നിക്ഷേപങ്ങൾ iepf.gov.in എന്ന വെബ്സൈറ്റ് വഴി ക്ലെയിം ചെയ്യാം. mfcentral.com എന്ന വെബ്സൈറ്റ് വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം ക്ലെയിം ചെയ്യാനാവും.


