രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. 

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ (Sri Lanka Financial crisis) ഉഴലുന്ന ശ്രീലങ്ക ഇന്ത്യയില്‍ (India) നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം തേടി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ (S Jaisankar) സന്ദര്‍ശനത്തിനിടെ 100 കോടി ഡോളറാണ് ശ്രീലങ്ക സഹായമായി ചോദിച്ചത്. നേരത്തെ ഇന്ത്യ 100 കോടി ഡോളര്‍ സഹായമായി നല്‍കിയിരുന്നു. അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാണ് ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് അധികമായി 100 കോടി ഡോളര്‍ കൂടി ആവശ്യപ്പെട്ടത്. വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് 100 കോടി ഡോളര്‍ കടമായി ആവശ്യപ്പെട്ടു. ഇന്ത്യ വാഗ്ദാനം ചെയ്ത 100 കോടി ഡോളറിന് മുകളിലാണ് ഈ പണം ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യ ചര്‍ച്ചയിലാണ് ശ്രീലങ്ക ഇന്ത്യയോട് സഹായം തേടിയത്. എന്നാല്‍ ഇരുരാജ്യവും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

കഴിഞ്ഞ ഒരു ദശകമായി ശ്രീലങ്കയുടെ ചൈനാ ബന്ധത്തില്‍ അതൃപ്തി അറിയിച്ചെങ്കിലും നിര്‍ണായ ഘട്ടത്തില്‍ സഹായിക്കുമെന്ന് തന്നെയാണ് ഇന്ത്യ ഉറപ്പ് നല്‍കിയത്. അടുത്ത മാസങ്ങളില്‍ ശ്രീലങ്ക-ഇന്ത്യ ബന്ധം മെച്ചപ്പെട്ടു. 100 കോടി ഡോളര്‍ സഹായം ലഭിക്കുന്നതിനായി ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ ദില്ലിയിലെത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി കൊളംബോയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തിങ്കളാഴ്ച എത്തി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യയുടെ തുടര്‍ച്ചയായ സഹകരണവും വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കി.

നിലവില്‍ നല്‍കുന്ന കടത്തിന് പുറമെ ഈ വര്‍ഷം ആദ്യം ഇന്ത്യ ശ്രീലങ്കയിലേക്ക് 400 മില്യണ്‍ ഡോളര്‍ കറന്‍സി സ്വാപ്പും ഇന്ധനം വാങ്ങുന്നതിനായി 500 മില്യണ്‍ ഡോളര്‍ വായ്പയായും ഇന്ത്യ നല്‍കിയിരുന്നു. വിദേശ കറന്‍സി ശേഖരം 231 കോടി ഡോളറായി കുറഞ്ഞ ശ്രീലങ്കക്ക് 400 കോടി ഡോളറാണ് വായ്പയിനത്തില്‍ തിരിച്ചടക്കേണ്ടത്. കടബാധ്യത പരിഹരിക്കാനായി പ്രസിഡന്റ് രാജപക്സെ ബീജിംഗില്‍ നിന്ന് സഹായം തേടിയിട്ടുണ്ട്. ചൈനയില്‍ നിന്ന് 250 കോടി ഡോളര്‍ വായ്പ ലഭിക്കാനായി ശ്രീലങ്ക ചര്‍ച്ച നടത്തുന്നുണ്ട്. ഐഎംഎഎഫുമായി ചര്‍ച്ച നടത്താന്‍ ധനമന്ത്രി രാജപക്സെ അടുത്ത മാസം അമേരിക്കയിലേക്ക് തിരിക്കും. ലോകബാങ്കിന്റെ പിന്തുണ തേടാനും പദ്ധതിയുണ്ട്.