വാഷിങ്ടൺ: അമേരിക്കയിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ചുയർന്നു. കഴിഞ്ഞ ആഴ്ച ഇത് പത്ത് ലക്ഷത്തിലേറെയായി ഉയർന്നു. അമേരിക്കയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചടിയായ തൊഴിൽ വിപണിയുടെ തിരിച്ചുവരവിന് കൂടുതൽ ആഘാതമായിരിക്കുകയാണ് ഇത്.

ആഗസ്റ്റ് 15 ന് അവസാനിച്ച ആഴ്ചയിൽ 11.06 ലക്ഷം പേരാണ് ആനുകൂല്യത്തിനായി അപേക്ഷിച്ചത്. തൊട്ടുമുൻപത്തെ ആഴ്ചയിൽ ഇത് 9.71 ലക്ഷമായിരുന്നു. ഈ ആഴ്ച 9.25 ലക്ഷം പേർ അപേക്ഷിക്കുമെന്നാണ് വിലയിരുത്തൽ. 

കഴിഞ്ഞ 22 ആഴ്ചയിലെ കണക്കുകൾ അവലോകനം ചെയ്തപ്പോൾ 21 ആഴ്ചകളിലും തൊഴിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിൽ താഴെയായിരുന്നു. ഇതാണ് വീണ്ടും പത്ത് ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നത്. മാർച്ച് മാസത്തിന് ശേഷം ഇതാദ്യമായാണ് ഈ പ്രതിസന്ധി കൂടുതൽ ശക്തമാകുന്നത്.

അതേസമയം അമേരിക്ക തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന സാഹചര്യത്തിൽ തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നത് ട്രംപ് ഭരണകൂടത്തിന് ഒട്ടും ശുഭകരമല്ല. കൊവിഡ് വ്യാപനം തടയുന്നതിൽ ഭരണകൂടം വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്ന് ഡമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നുണ്ട്.

ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് റെയിൽവേയ്ക്ക് കഴിഞ്ഞ വർഷം കിട്ടിയത് 560 കോടി രൂപ

കൊവിഡ് പ്രതിസന്ധി; അഞ്ച് മാസത്തിനിടെ ഇന്ത്യൻ റെയിൽവെ റദ്ദാക്കിയത് 1.78 കോടി ടിക്കറ്റുകൾ