Asianet News MalayalamAsianet News Malayalam

മെല്ലെ മെല്ലെയുണർന്ന് ടൂറിസം: താമസ സൗകര്യം ബയോ ബബിൾ മാതൃകയിൽ, ദേശീയ തലത്തിൽ പൊതുനയം വേണമെന്ന് വിദ​ഗ്ധർ

വിനോദസഞ്ചാരികളെ കൊവിഡില്‍ നിന്ന് പരമാവധി സുരക്ഷിതരാക്കാന്‍ കാര്യക്ഷമവും സൂക്ഷ്മവുമായ ബയോ ബബിള്‍ മാതൃകയൊരുക്കിയാണ് കേരളം മുന്നോട്ട് പോകുന്നത്. 

tourism sector in Kerala reopening and it's impacts
Author
Thiruvananthapuram, First Published Aug 13, 2021, 6:44 PM IST

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ടൂറിസം, വനം വകുപ്പുകളുടെ ചുമതലയിലുള്ള വിവിധ ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ കർശനമായ കൊവിഡ് മാനദണ്ഡങ്ങളോടെ തുറന്നു. കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും തുറന്നിരിക്കുകയാണ്.

കൊവിഡ് മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിട്ട മേഖലയാണ് വിനോദ സഞ്ചാരം. കേരളത്തെ സംബന്ധിച്ച് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത് ഇപ്പോഴും ആശങ്കയാണ്. ഓരോ തവണയും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നിയമ ഭേദ​ഗതികളുണ്ടാകുമ്പോഴും കടകൾക്കും മറ്റ് റീട്ടെയ്ൽ ഷോപ്പുകൾക്കും ഒപ്പം ടൂറിസം മേഖലയും പ്രതിസന്ധി നേരിട്ടിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി പ്രദേശങ്ങളുടെ സ്ഥിതി അനുസരിച്ചാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കുന്നത്. ടാക്സി, റീട്ടെയിൽ ഷോപ്പുകൾ, കരകൗശല വ്യവസായം, ഹോട്ടൽ, റിസോർട്ടുകൾ തുടങ്ങി നിരവധി മേഖലകളിൽ പണിയെടുത്തിരുന്നവരുടെ വരുമാന മാർ​ഗം അപ്പാടെ നിലയ്ക്കാൻ നിയന്ത്രണങ്ങൾ കാരണമായി. അന്താരാഷ്ട്ര വ്യോമയാന ​ഗതാ​ഗതം തടസ്സപ്പെട്ടതും വിനോദ സഞ്ചാര മേഖലയെ വലിയ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. 

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുളള തീരുമാനം ടൂറിസത്തെ ജീവനോപാധിയാക്കിയ പതിനായിരങ്ങൾക്ക് ആശ്വാസം നൽകാൻ ഇടയാക്കിയ നടപടിയാണ്. ആഭ്യന്തര ടൂറിസ്റ്റുകളെയാണ് പ്രധാനമായും കേരളം ലക്ഷ്യമിടുന്നത്. ഓണക്കാലം ലക്ഷ്യമിട്ട് ചില റിസോർട്ടുകൾ പ്രചാര പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.  

കേരള ടൂറിസം അതിന്‍റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ച വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍ പോലുള്ള അതിഭീകരമായ പ്രതിസന്ധികളെ മുന്‍കാലങ്ങളില്‍ അതിജീവിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ടൂറിസം) ഡോ വി വേണു ഐഎഎസ് പറഞ്ഞു. ഓരോ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിലൂടെ തങ്ങള്‍ വലിയ അതീജീവന ശേഷിയുള്ളവരാണെന്ന് കേരളം തെളിയിച്ചു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയുടെ വ്യാപ്തി വളരെ വലുതാണെന്ന് സമ്മതിക്കാതെ വയ്യ. ഈ പകര്‍ച്ചവ്യാധി മൂലമുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മാര്‍ഗം വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന പരിഗണന ഉറപ്പാക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഉറപ്പുകൾ സർക്കാർ നൽകുന്നുണ്ടെങ്കിലും വിനോദ സഞ്ചാരികളുടെ ഭാ​ഗത്ത് നിന്ന് വേണ്ടത്ര ബുക്കിം​ഗും എൻക്വയറികളും എത്തുന്നില്ലെന്നാണ് റിസോർട്ട് ഉടമകൾ പറയുന്നത്. നിരക്കുകളിൽ പരമാവധി ഇളവുകൾ നൽകിയാലും എൻക്വയറികൾ കുറവാണെന്ന് ഹോട്ടൽ ഉടമകൾ തന്നെ പറയുന്നു. "കൊവിഡിന് മുൻപ് കോട്ടേജുകൾ മുഴുവൻ ബുക്ക് ആകുമായിരുന്നു. സീസൺ സമയത്ത് പലപ്പോഴും ഞങ്ങൾക്ക് കോട്ടേജോ റൂമോ ഒഴിവില്ലെന്ന് പറയേണ്ടി വന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം വന്നത് പത്തിൽ താഴെ ബുക്കിം​ഗുകൾ മാത്രമാണ്. കുഞ്ഞുങ്ങൾ ഉളള കുടുംബങ്ങൾ വരുന്നില്ല. ചെറുപ്പക്കാരുടെ സംഘങ്ങളാണ് എത്തുന്നത്," വയനാട് ദ സെറിനിറ്റി റിസോർട്ടിലെ സൂപ്പർവൈസർ ആർ അരുൺ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

യാത്ര നിയന്ത്രണങ്ങളാണ് പ്രധാനമായും വിനോദസഞ്ചാരികളുടെ വരവിനെ കുറയ്ക്കുന്നത്. മൈസൂർ, ബാം​ഗ്ലൂർ, കൂർ​ഗ് എന്നിവടങ്ങളിൽ നിന്ന് ധാരാളായി ആളുകൾ വയനാട്ടിലേക്ക് വന്നിരുന്നു. എന്നാൽ, പുതിയ ബുക്കിങുകളിൽ കർണാടകയിൽ നിന്ന് വിനോദസഞ്ചാരികൾ ഇല്ലെന്ന് പറയാവുന്ന അവസ്ഥയാണ്. ബാം​ഗ്ലൂരിൽ നിന്ന് ഒറ്റ ബുക്കിം​ഗ് പോലും വന്നിട്ടില്ല. കർണാടകയിൽ നിന്നുളള യാത്ര നിയന്ത്രണങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു.

ദേശീയ തലത്തിൽ വിനോദസഞ്ചാര മേഖലയ്ക്കായി ഒരു പൊതു നയം രൂപീകരിച്ചാലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കൂ എന്നാണ് ഈ മേഖലയിലുളളവർ പറയുന്നത്. സംസ്ഥാനങ്ങളിൽ പലതരത്തിലുളള കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ എന്ന സ്ഥിതി യാത്ര ചെയ്യുന്നതിൽ നിന്ന് ടൂറിസ്റ്റുകളെ വിലക്കുന്നതായി വിദ​ഗ്ധർ പറയുന്നു. കൊവിഡ് ഏറ്റവും കൂടുതൽ തകർത്തെറിഞ്ഞ വിനോദസഞ്ചാര മേഖലയ്ക്കായി കൂടുതൽ ഇളവുകളോടെയുളള പൊതു നയം വേണമെന്ന ആവശ്യം ശക്തമാണ്. 

നേരത്തെ 30 പേർ ജോലി ചെയ്തിരുന്ന റിസോർട്ടുകളിലും മറ്റും നിലവിൽ 10-12 പേർ മാത്രമാണ് പണിയെടുക്കുന്നത്. ടാക്സി ഡ്രൈവർമാർക്ക് ഓട്ടം തീരെക്കുറഞ്ഞു. "ഇപ്പോൾ എത്തുന്ന സഞ്ചാരികളിൽ മിക്കവരും സ്വന്തം വാഹനത്തിൽ വരുന്നവരാണ്. അവർ സൈറ്റുകളിലേക്ക് പോകുന്നതും ഹോട്ടലിലേക്ക് പോകുന്നതും എല്ലാം സ്വന്തമായി ഡ്രൈവ് ചെയ്താണ്. വണ്ടിക്ക് ഓട്ടം മൂന്നിലൊന്നായി കുറഞ്ഞു," വയനാട്ടിൽ ഡ്രൈവറായ ശിവൻ പറയുന്നു. 

"പൊതു ​ഗതാ​ഗതം കുറഞ്ഞു. ഹോട്ടിലിലേക്കുളള സപ്ലേകൾ മുടങ്ങി. റസ്റ്റോറന്റ് മെനുവിലെ പല വിഭവങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലും രാത്രിയിലും ഭക്ഷണം ആസ്വദിക്കാൻ എത്തിയിരുന്നവർ ഇപ്പോൾ കുറവാണ്. വീക്കെന്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ നേരത്തെ കുടുംബങ്ങളും കോളേജ് കുട്ടികളും വലിയതോതിൽ വന്നിരുന്നതാണ്," മൂന്നാറിൽ റസ്റ്റോറന്റ് ഉടമയായ വ്യക്തി പറഞ്ഞു.

"വിനോദസഞ്ചാരികളുടെ ബുക്കിം​ഗിൽ വർധനയുണ്ട്. എന്നാൽ, വലിയ വർധനയെന്ന് പറയാൻ കഴിയില്ല. സീസണിൽ ഫുൾ ബുക്കിം​ഗ് ലഭിക്കുമായിരുന്നു. ഓഫ് സീസണിൽ പോലും 40 ബുക്കിം​ഗ് വരെ ലഭിച്ചിരുന്നതാണ്. എന്നാൽ, കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചു. ഇപ്പോ ഡെയിലി 12 ബുക്കിം​ഗ് വരെ ലഭിക്കുന്നുണ്ട്. വടക്കേ ഇന്ത്യക്കാരുടെ എണ്ണം തീരെ കുറഞ്ഞു. മലയാളികളും തമിഴ്നാട്ടുകാരുമാണ് കൂടുതലും എത്തുന്നത്. വരുന്നവരും വളരെ കുറച്ച് ഇടങ്ങൾ മാത്രം സന്ദർശിച്ച് മടങ്ങാൻ പദ്ധതിയിട്ടാണ് എത്തുന്നത് തന്നെ. അധിക ദിവസം തങ്ങാൻ ഇഷ്ടപ്പെടുന്നില്ല, " ടീ കൗണ്ടി മൂന്നാർ റിസോർട്ടിലെ അസിസ്റ്റന്റ് മാനേജർ അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, റീട്ടെയിൽ ഷോപ്പുകൾ, റിസോർട്ടുകൾ എന്നിവയുടെ മെയിന്റനൻസ് ചെലവ് വളരെ ഉയർന്നതാണ്. പലതിന്റെയും പുനർനിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിൽ പുതിയ നിക്ഷേപ പ്രവർത്തനങ്ങൾ നടത്താൻ ആരും താൽപര്യപ്പെടാത്ത സ്ഥിതിയുളളതായി ഈ രം​ഗത്തുളളവർ വ്യക്തമാക്കി.   

ബയോ ബബിള്‍ മാതൃക

വിനോദസഞ്ചാരികളെ കൊവിഡില്‍ നിന്ന് പരമാവധി സുരക്ഷിതരാക്കാന്‍ കാര്യക്ഷമവും സൂക്ഷ്മവുമായ ബയോ ബബിള്‍ മാതൃകയൊരുക്കിയാണ് കേരളം മുന്നോട്ട് പോകുന്നത്. കേരളത്തിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുന്ന വിനോദസഞ്ചാരികള്‍ പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരുമായി മാത്രം ഇടപഴകുന്ന തരത്തിലായിരിക്കും ബയോ ബബിളിന്‍റെ സംരക്ഷണവലയം. വിമാനത്താവളത്തില്‍ നിന്ന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ടാക്സികളില്‍ അവര്‍ക്ക് തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പോകാം. ഈ ഡ്രൈവര്‍മാരെല്ലാം വാക്സിനേഷന്‍ സ്വീകരിച്ചവരായിരിക്കും. സഞ്ചാരികള്‍ തങ്ങുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയവയും ബയോ ബബിള്‍ പരിധിയില്‍ ഉള്‍പ്പെടും. അവിടത്തെ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരായിരിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന സമ്പൂര്‍ണ കൊവിഡ് വാക്സിനേഷന്‍ യജ്ഞം വിജയകരമായി പൂര്‍ത്തീകരിച്ചു വരുന്നു. വയനാട്ടിലെ വൈത്തിരി സമ്പൂര്‍ണ വാക്സിനേഷന്‍ പദവി നേടുന്ന ആദ്യ ടൂറിസം കേന്ദ്രമായി അടുത്തി‌ടെ പ്രഖ്യാപിച്ചിരുന്നു. ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട മുഴുവന്‍ പങ്കാളികളെയും ഉള്‍പ്പെടുത്തുക എന്നതാണ് യജ്ഞം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രചാരണം ഉടന്‍ പൂര്‍ത്തിയാകും. സഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ ബയോ ബബിളിനകത്ത് യാതൊരു ആശങ്കയുമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വാക്സിനേഷന്‍ യജ്ഞം നല്‍കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona


  

 

 

Follow Us:
Download App:
  • android
  • ios