Asianet News MalayalamAsianet News Malayalam

കൊവിഡ് രണ്ടാം തരംഗത്തിലും ഉലഞ്ഞ് ഇന്ത്യൻ സാമ്പത്തിക രംഗം; ഈ വര്‍ഷവും പ്രതീക്ഷിച്ച വളര്‍ച്ച കിട്ടില്ല

കഴിഞ്ഞ വര്‍ഷത്തെ പോലെ സാമ്പത്തിക വളര്‍ച്ചയിൽ വലിയ ഇടിവ് ഇത്തവണയും ഉണ്ടായേക്കും. ചെറുകിട സംരംഭങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ തൊഴിലില്ലായ്മയും രൂക്ഷമാകും.

vovids second wave turmoil in indian economy
Author
Delhi, First Published May 16, 2021, 8:01 PM IST

ദില്ലി: കൊവിഡ് പ്രതിസന്ധി ഈ സാമ്പത്തിക വര്‍ഷവും ഇന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വര്‍ഷത്തെ പോലെ സാമ്പത്തിക വളര്‍ച്ചയിൽ വലിയ ഇടിവ് ഇത്തവണയും ഉണ്ടായേക്കും. ചെറുകിട സംരംഭങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ തൊഴിലില്ലായ്മയും രൂക്ഷമാകും.

കൊവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ വര്‍ഷത്തെ നെഗറ്റീവ് വളര്‍ച്ചയിൽ നിന്ന് 11 ശതമാനത്തിന്‍റെ വളര്‍ച്ച എന്ന പ്രതീക്ഷിയാണ് ഈ സാമ്പത്തിക വര്‍ഷം തുടങ്ങിയത്. ആദ്യമാസത്തിൽ തന്നെ ജി.എസ്.ടി വരുമാനം ഒരു ലക്ഷത്തി 41,000 കോടി രൂപയായി. കയറ്റുമതിയിലും ഇറക്കുമതിയും പെട്രോളിയം ഉല്പന്നങ്ങളുടെ വില്പനയിലും പുരോഗതി കണ്ടു. സാമ്പത്തിക രംഗം വളര്‍ച്ച തിരിച്ചുപിടിച്ചുപിടിക്കുകയാണെന്ന വിലയിരുത്തലിലായിരുന്നു മോദി സര്‍ക്കാര്‍. ആ പ്രതീക്ഷകളാണ് കൊവിഡ് രണ്ടാംതരംഗം തകര്‍ക്കുന്നത്. ദേശീയ ലോക്ഡൗണ്‍ ഇല്ലെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗണും കര്‍ഫ്യൂയും പ്രഖ്യാപിച്ചതോടെ വ്യാവസായിക-വാണിജ്യ രംഗം വീണ്ടും സ്തംഭിച്ചു. വാഹന വിപണികളിൽ കണ്ട ഉണര്‍വിനും തിരിച്ചടിയായി. റിയൽ എസ്റ്റേറ്റ് രംഗം ഈ വര്‍ഷവും ഉണരില്ല.

ആറ് കോടി ചെറുകിട സംരംഭങ്ങളാണ് രാജ്യത്തുള്ളത്. രണ്ടാംവര്‍ഷവും തുടരുന്ന സ്തംഭനത്തിന് ശേഷം ഇതിൽ എത്ര സംരംഭങ്ങൾ അവശേഷിക്കും എന്നത് ചോദ്യമാണ്. തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാകും. സാമ്പത്തിക ഉത്തേജനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ ഈ സാമ്പത്തിക വര്‍ഷവും നടപ്പാക്കാൻ സര്‍ക്കാരിന് സാധിച്ചേക്കില്ല. 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ പദ്ധതിയും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല. വളര്‍ച്ച നിരക്ക് കുറയുമെന്ന വിലയിരുത്തൽ ഇതിനകം തന്നെ പല ഏജൻസികളും നടത്തിക്കഴിഞ്ഞു. വീണ്ടും കടമെടുക്കേണ്ടിവരുമ്പോൾ വലിയ ബാധ്യതയിലേക്കാകും രാജ്യം പോവുക. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന വിലയിരുത്തലാണ് വിദഗ്ധര്‍ നടത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios