ക്രൂഡ് ഓയിൽ. അഥവാ എണ്ണക്കിണറിൽ നിന്ന് പുറത്തുവരുന്ന കറുത്ത നിറത്തിലുള്ള എണ്ണ. കുറച്ചുകൂടി സാങ്കേതികമായി പറഞ്ഞാൽ അസംസ്‌കൃത എണ്ണ. അൺറിഫൈൻഡ് ഓയിൽ. ഈ എണ്ണയെ റിഫൈനറികളിൽ എത്തിച്ച് 'റിഫൈൻ' ചെയ്തിട്ടാണ് പല സ്റ്റേജുകളിലായി പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങി പല ഉത്പന്നങ്ങളും ഉണ്ടാക്കുന്നത്. 2020 മാര്‍ച്ച് ഒന്‍പതിന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില വല്ലാതെ ഇടിഞ്ഞു. ഇടപാടുകളുടെ തുടക്കത്തില്‍ ഏതാണ്ട് 30 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ക്രൂഡോയിൽ വിലയിടിവാണിത്. ഗൾഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇങ്ങനെ ഇടിഞ്ഞു താന്നിട്ടും അതിന്റെ വല്ല ഗുണവും ഇവിടെ ഇന്ത്യയിൽ പെട്രോളും ഡീസലും വാങ്ങിക്കുന്നവർക്ക് ഉണ്ടാകുമോ? അതാണ് പ്രസക്തമായ ചോദ്യം. പറയാം. അതിനു മുമ്പ് ചിലത്.

ക്രൂഡോയിൽ വിലയിടിവിന് കാരണം?

ഉത്പാദനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഒപെകും (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്), റഷ്യയും തമ്മിൽ ഒരു ധാരണയുണ്ടാവാതെ പോയതാണ് പ്രധാന കാരണം. ഒപെക് നിയന്ത്രിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഉത്പാദകരിലൊന്നായ സൗദി അറേബ്യയാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില താഴേക്ക് പോകാൻ തുടങ്ങിയതോടെ, സ്വയം ഉത്പാദനം നിയന്ത്രിക്കുന്നതിനൊപ്പം, സൗദി റഷ്യയോടും ഉത്പാദനം ചെറുതായി നിയന്ത്രിക്കാൻ പറഞ്ഞു. അവർ അനുസരിച്ചില്ല. എന്തായി? എണ്ണയുടെ സപ്ലൈ കൂടിയപ്പോൾ വില കുറഞ്ഞു. മാർച്ച് ആറിനുതന്നെ പത്തു ശതമാനം ഇടിഞ്ഞു. എന്നാൽ റഷ്യ ആ ആവശ്യം തള്ളുകയും ഇപ്പോൾ ഉള്ള അതേ തോതിൽ ഉത്പാദനം തുടരുമെന്ന് അറിയിക്കുകയുമുണ്ടായി. അതോടെ കുപിതരായ സൗദി, തങ്ങളുടെ എണ്ണ ഉത്പാദനം കൂട്ടി എണ്ണവില ഇടിച്ച് റഷ്യയെ ഒരു പാഠം പഠിപ്പിക്കാനിറങ്ങിയതാണ് ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ ഇത്രയ്ക്ക് വിലയിടിയാൻ കാരണം.

കൊറോണാ വൈറസിന്റെ സ്വാധീനം

ലോകത്ത് ഏറ്റവും അധികം ക്രൂഡോയിൽ ഇറക്കുമതി നടത്തുന്ന രാജ്യം ചൈനയായിരുന്നു. എന്നാൽ കൊവിഡ് 19 ബാധയ്‌ക്കുശേഷം ചൈനയിൽ, പെട്രോൾ-ഡീസൽ ഉപഭോഗത്തോടൊപ്പം റിഫൈനിംഗും നന്നായി കുറഞ്ഞിട്ടുണ്ട്. കൊറോണ വരും മുമ്പ് ദിവസേന ഒരു കോടി 40 ലക്ഷം ബാരൽ ക്രൂഡോയിൽ വേണമായിരുന്നു ചൈനയുടെ ആവശ്യങ്ങൾ നിറവേറാൻ. എന്നാൽ, കൊറോണ കരണമുണ്ടായ മാന്ദ്യം, ചൈനയെപ്പോലെ മിക്ക ലോക രാജ്യങ്ങളെയും ബാധിച്ചു കഴിഞ്ഞു. റോഡുകളിൽ വാഹനങ്ങൾ ഓടുന്നത് കുറഞ്ഞു, വിമാനങ്ങളുടെ സർവീസ് ഇടിഞ്ഞു. പെട്രോൾ, ഡീസൽ, ഏവിയേഷൻ ഫ്യൂവൽ അങ്ങനെ എല്ലാ എണ്ണ ഉത്പന്നങ്ങളുടെയും ഉപഭോഗം കുറഞ്ഞു. അതോടെ ഡിമാൻഡ് കുറഞ്ഞു. ഡിമാൻഡ് കുറഞ്ഞിടത്തേക്ക് നിങ്ങൾ കൂടിയ അളവിൽ ക്രൂഡ് ഓയിൽ കൊണ്ട് ചെന്നിറക്കിയാൽ വില കുറയുകയല്ലാതെ എന്തുണ്ടാവും? അതുകൊണ്ട്, രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കണം എന്നായിരുന്നു ഒപെകിന്റെ നിർദേശം. ഇതാണ് റഷ്യ അനുസരിക്കാതിരുന്നത്. റഷ്യയുടെ ഈ നിഷേധാത്മക നിലപാടിനുള്ള മറുപടിയായിരുന്നു ക്രൂഡോയിലിന്റെ വില ഇടിച്ചുകൊണ്ടുള്ള സൗദിയുടെ നീക്കം.
 
നാട്ടിലെ പെട്രോൾ/ഡീസൽ വില കുറയുമോ?

ഇന്നലത്തെ റഷ്യ - സൗദി വടംവലിക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിന് 2200 രൂപയിലും താഴെപ്പോയി. ഒരു ബാരലിലെ 159 ലിറ്റർ ആണുണ്ടാവുക. അതായത് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് ഏകദേശം 13-14 രൂപയിൽ താഴെ. ക്രൂഡ് ഓയിൽ ടാങ്കറുകളിൽ കയറി ഇവിടെ ഇന്ത്യയിൽ എത്തിയ ശേഷം ഇവിടുള്ള റിഫൈനറികളിൽ അത് പ്രോസസ് ചെയ്യപ്പെടും. അതിനൊരു ചെലവുണ്ട്. അത് റിഫൈനിംഗ് കമ്പനികൾ അടിസ്ഥാന വിലയിന്മേൽ ചുമത്തും. അതിനു ശേഷം കേന്ദ്ര-സംസ്ഥാന നികുതികൾ ചുമത്തപ്പെടും, പിന്നീട് ട്രാൻസ്‌പോർട്ടേഷൻ ചെലവുകൾ, വിവിധ സെസ്സുകൾ, ഡീലറുടെ കമ്മീഷൻ എന്നിങ്ങനെ ചില അധിക ചെലവുകൾ കൂടിയുണ്ട്. അതോടെ ക്രൂഡ് ഓയിൽ വാങ്ങിയ വിലയേക്കാൾ എത്രയോ ഇരട്ടിയാകും എണ്ണയുടെ ചില്ലറ വില്പന വില.

അങ്ങനെ നോക്കുമ്പോൾ ക്രൂഡ് ഓയിൽ വില ഇടിഞ്ഞാൽ അത് പെട്രോൾ ഡീസൽ വിലകളിലും പ്രതിഫലിക്കണം. അതായത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 30 ശതമാനം ഇടിഞ്ഞാൽ, ഇവിടെ ഒരു 20 -30  രൂപയെങ്കിലും കുറയേണ്ടതാണ്. എന്നാൽ, അതൊന്നും ഇത്തവണ നടക്കുന്ന ലക്ഷണമില്ല എന്നാണ് വിദഗ്ധർ പറയുന്നത്.

ഒരു ചെറിയ കണക്ക് നോക്കാം.

2020  ജനുവരിയിലെ വിലകൾ വെച്ചുകൊണ്ട് ഒരു ബ്രേക്ക് അപ്പ് താഴെ.

ജനുവരിയിൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില ബാരലിന് ₹4784. ഒരു ബാരലിൽ 159 ലിറ്റർ ക്രൂഡ് ഓയിൽ. അപ്പോൾ ഒരു ലിറ്റർ വില ₹30.08. റിഫൈനിംഗ് ചെലവുകൾ കണക്കാക്കിയാൽ, ക്രൂഡോയിലിന്റെ ഈ വിലനിലവാരം വെച്ച് നോക്കുമ്പോൾ അതിൽ നിന്ന് ഒരു ലിറ്റർ പെട്രോൾ ഉത്പാദിപ്പിക്കാൻ വരുന്ന ചെലവ്, ₹5.52. ഡീസലിന് അത് ₹9.53. അപ്പോൾ ഈ ഘട്ടത്തിൽ പെട്രോൾ, ഡീസൽ വിലകൾ ₹35.6, ₹39.61 എന്നിങ്ങനെ. ഈ ചെലവിൽ എൻട്രി ടാക്സ്, റിഫൈനിംഗ് കോസ്റ്റ്, റിഫൈനിംഗ് കമ്പനിയുടെ ലാഭം, ഫ്രൈറ്റ് കോസ്റ്റ്, ലോജിസ്റ്റിക്സ് ചാർജ്ജ് എന്നിവ ഉൾപ്പെടും. അതിനു ശേഷമാണ് സെൻട്രൽ ഗവണ്മെന്റിന്റെ നികുതിയും, റോഡ് സെസ്സും,  എക്സൈസ് ഡ്യൂട്ടിയും മറ്റും വരുന്നത്. അത് രണ്ടും കൂടി ഒരു ലിറ്റർ പെട്രോളിൻമേൽ ₹19.98,  ഡീസലിന്മേൽ ₹15.83 എന്നിങ്ങനെ അധിക ബാധ്യത ചുമത്തുന്നു. അതോടെ പെട്രോൾ ഡീസൽ വിലകൾ ₹55.58, ₹55.44 എന്നിങ്ങനെ ആകും. അടുത്ത പെട്രോൾ ബങ്കുടമകളുടെ കമ്മീഷനാണ്. അത്  പെട്രോളിനും ഡീസലിനും യഥാക്രമം, ₹3.59, ₹2.52 എന്നിങ്ങനെ വരും. അതോടെ ഡീസൽ പെട്രോൾ വിലകൾ യഥാക്രമം, ₹59.17, ₹57 .96 എന്നിങ്ങനെ ആവും.  അതിന്മേലാണ് പിന്നീട് സംസ്ഥാനത്തിന്റെ വക VAT, Value Added Tax അഥവാ മൂല്യവർധിത നികുതി ചുമത്തപ്പെടുന്നത്. ഇത് ഓരോ സ്റ്റേറ്റിനും ഓരോ നിരക്കിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം വാറ്റ് + പൊല്യൂഷൻ സെസ്സ് ചുമത്തുന്നത്, ഏറ്റവും കുറവ് ഗോവയിലും. കേരളത്തിൽ അത് 30.3 %, 23.81%  എന്നിങ്ങനെയാണ്. അതായത് നികുതി ₹17.93, ₹13.8 എന്നിങ്ങനെ ഏറും. അതോടെ വില വീണ്ടും കൂടി ₹76 .9, ₹71.29 എത്തും. ഇത് ജനുവരിയിലെ കണക്കാണ്. 

അവിടെ കുറഞ്ഞിട്ടും ഇവിടെ കുറയാത്തതിന് പിന്നിൽ 

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലനിലവാരം അന്തിമോത്പന്നത്തിന്റെ(പെട്രോൾ,ഡീസൽ,ഗ്യാസ് എന്നിങ്ങനെ) വിലയിൽ  സ്വാധീനം ചെലുത്തുക ആദ്യഘട്ടമായ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി വിലയിൽ മാത്രമാണ്. അവിടന്നങ്ങോട്ടുള്ളത് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞാലും കുറയ്ക്കാൻ പറ്റാത്ത ചെലവുകളാണ്. മാത്രമല്ല,  ആ ഘട്ടത്തിൽ ചെലവ് വില്പന വിലയുടെ 40 ശതമാനത്തോളമേ വരുന്നുള്ളൂ. അപ്പോൾ അതിലുണ്ടാകുന്ന 30 ശതമാനം മാറ്റം, അന്തിമ വിലയിൽ അതിലും കുറഞ്ഞ മാറ്റമേ വരുത്തൂ. ആ വിലക്കുറവ് നേരെ അന്തിമ വിലയിൽ പ്രതിഫലിച്ചു എന്നിരിക്കിലും കുറയുക 12 ശതമാനം മാത്രമാവും. എന്നാൽ, ക്രൂഡ് ഓയിലിന്റെ വിലയിടിവിന് നേർക്കുനേർ എണ്ണവിലയെ സ്വാധീനിക്കാനാവില്ല. വേറെയും പലഘടകങ്ങൾ ചില്ലറവിലയെ വിലയെ നിയന്ത്രിക്കുന്നുണ്ട്. ഉദാ. നമ്മുടെ പെട്രോൾ/ഡീസൽ ഉത്പാദക വിപണന കമ്പനികൾ ക്രൂഡോയിൽ വില 15 ദിവസത്തെ കാലയളവിൽ ഒരിക്കലാണ് കണക്കാണുന്നത്. ഇപ്പോൾ കുറഞ്ഞ വില അപ്പോഴേക്ക് കൂടിയാൽ വിലയിൽ മാറ്റം വരില്ല. ഏറിവന്നാൽ ഒരു രണ്ടോ മൂന്നോ രൂപ വീതം കുറയുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.