വികസിച്ചുകൊണ്ടിരിക്കുന്ന ബ്രിക്‌സ് കൂട്ടായ്മ ജി7-നെ പല പ്രധാന കാര്യങ്ങളിലും മറികടന്നു.
ട്രംപ് ഭരിക്കുമ്പോള്‍ മറ്റാരും പറയാന്‍ ധൈര്യപ്പെടാത്ത ഒരു കാര്യമാണ് പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് വോള്‍ഫ് കഴിഞ്ഞ മാസം തുറന്നുപറഞ്ഞത്. ഇന്ത്യയോടുള്ള വാഷിംഗ്ടണിന്റെ സ്വാധീനം കുറഞ്ഞതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഉപമ ഇങ്ങനെയായിരുന്നു . 'അമേരിക്ക ഇന്ത്യയോട് എന്തു ചെയ്യണമെന്ന് പറയുന്നത് ഒരു എലി ആനയെ അടിക്കാന്‍ കൈ ചുരുട്ടുന്നതുപോലെയാണ്'. വോള്‍ഫിന്റെ ഈ വാക്കുകള്‍ ഒരു സാധാരണ പ്രസ്താവനയായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോക സമ്പദ്വ്യവസ്ഥയില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്. സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളില്‍ പാശ്ചാത്യ ആധിപത്യത്തിന്റെ പ്രതീകമായിരുന്ന ജി7 കൂട്ടായ്മ ഇപ്പോള്‍ തളരുകയാണ്. എന്നാല്‍, വികസിച്ചുകൊണ്ടിരിക്കുന്ന ബ്രിക്‌സ് കൂട്ടായ്മ ജി7-നെ പല പ്രധാന കാര്യങ്ങളിലും മറികടന്നു. വോള്‍ഫ് തന്റെ പോഡ്കാസ്റ്റില്‍ പറഞ്ഞതുപോലെ, 'ചൈന, ഇന്ത്യ, റഷ്യ, മറ്റ് ബ്രിക്‌സ് രാജ്യങ്ങള്‍ എന്നിവയുടെ മൊത്തം ലോക ഉത്പാദനത്തിന്റെ വിഹിതം 35% ആണ്. എന്നാല്‍, ജി7-ന്റേത് 28% ആയി കുറഞ്ഞു.'
കണക്കുകള്‍ സംസാരിക്കുന്നു
അന്താരാഷ്ട്ര നാണയ നിധി ഏപ്രിലില്‍ പുറത്തിറക്കിയ ലോക സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം, 2025-ല്‍ ബ്രിക്‌സിലെ 11 അംഗരാജ്യങ്ങളുടെ സംയുക്ത ജിഡിപി 3.4% വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ലോക ശരാശരിയായ 2.8% നെക്കാള്‍ കൂടുതലാണ്. 2024-ല്‍ ആഗോള വളര്‍ച്ച 3.3% ആയിരുന്നപ്പോള്‍ ബ്രിക്‌സ് ബ്ലോക്ക് 4% വളര്‍ച്ച നേടി. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി അടിസ്ഥാനത്തില്‍, ബ്രിക്‌സ് ലോക സമ്പദ്വ്യവസ്ഥയുടെ 40% സംഭാവന ചെയ്യുന്നു. 2025-ല്‍ ഇത് 41% ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ജി7 കൂട്ടായ്മയുടെ വിഹിതം 28% മാത്രമാണ്, അത് വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുന്നു.
എന്തുകൊണ്ട് ബ്രിക്‌സ് ഇത്ര വേഗത്തില്‍ വളരുന്നു?
ബ്രിക്‌സ് കൂട്ടായ്മയുടെ വൈവിധ്യമാണ് അതിന്റെ ഏറ്റവും വലിയ ശക്തിയും വെല്ലുവിളിയും എന്ന് ബ്രസീലിലെ ഗെറ്റുലിയോ വര്‍ഗാസ് ഫൗണ്ടേഷനിലെ അന്താരാഷ്ട്ര ബന്ധ പ്രൊഫസറായ റോഡ്രിഗോ സീസര്‍ പറയുന്നു. 'ബ്രസീലിന്റെയും ഇന്ത്യയുടെയും കാര്യത്തില്‍, ഭൗമരാഷ്ട്രീയപരമായ അസ്ഥിരതയില്‍ നിന്ന് അകന്നുനില്‍ക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്നു., ഇത് വലിയ അവസരമാണ്,' അദ്ദേഹം പറഞ്ഞു. ബ്രസീലിന്റെ വര്‍ദ്ധിച്ചുവരുന്ന ധാന്യ കയറ്റുമതിയെ അദ്ദേഹം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി. കൂടാതെ, യുദ്ധങ്ങള്‍ക്കും താരിഫ് യുദ്ധങ്ങള്‍ക്കും നേരിട്ട് വിധേയമാകുന്ന രാജ്യങ്ങള്‍ പലപ്പോഴും ധനപരമായ ഉത്തേജനത്തിലൂടെ പ്രതികരിക്കും. ഇത് അടിസ്ഥാന സൗകര്യങ്ങളിലും വ്യവസായങ്ങളിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നു, ഇത് കൂട്ടായ്മയിലെ മൊത്തം വളര്‍ച്ചയ്ക്കും കാരണമാകുന്നു. ലോക ജനസംഖ്യയുടെ 40%-ത്തിലധികം ബ്രിക്‌സ് രാജ്യങ്ങളിലാണ്. റഷ്യയെയും ബ്രസീലിനെയും പോലുള്ള ചരക്ക് ഉത്പാദന ശക്തികളും ഈ കൂട്ടായ്മയിലുണ്ട്. കൂടാതെ, ഊര്‍ജ്ജം, ഭക്ഷണം, തന്ത്രപ്രധാനമായ ധാതുക്കള്‍ എന്നിവയുടെ വിതരണത്തില്‍ പ്രധാനപ്പെട്ട രാജ്യങ്ങളായ ബ്രസീലും റഷ്യയും കൂട്ടായ്മയിലുണ്ട്
വളര്‍ച്ചയില്‍ മുന്നിട്ടു നില്‍ക്കുന്നവര്‍
ഐഎംഎഫിന്റെ മുന്‍കാല പ്രവചനങ്ങള്‍ അനുസരിച്ച്, 2025-ല്‍ ബ്രിക്‌സിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത് എത്യോപ്യ (6.6%), ഇന്ത്യ (6.2%), ഇന്തോനേഷ്യ (4.7%), യുഎഇ (4%), ചൈന (4%) എന്നീ രാജ്യങ്ങളാണ്. ആഗോള ജിഡിപിയില്‍ ചൈന 19.6% വിഹിതവുമായി മുന്നിട്ടുനില്‍ക്കുന്നു. തൊട്ടുപിന്നാലെ ഇന്ത്യ (8.5%), റഷ്യ (3.4%), ഇന്തോനേഷ്യ (2.4%), ബ്രസീല്‍ (2.3%) എന്നിവയുമുണ്ട്. 2025-ലെ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം ഐഎംഎഫ് 6.4% ആയി ഉയര്‍ത്തിയിട്ടുണ്ട്. ജി7-ന് 2024-ല്‍ 1.7% വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് ഈ വര്‍ഷം 1.2% ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ബ്രിക്‌സ് കഴിഞ്ഞ വര്‍ഷം ശരാശരി 4% വളര്‍ച്ച കൈവരിച്ചു, 2025-ല്‍ ഇത് 3.4% ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. സൗദി അറേബ്യ, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിച്ച ബ്രിക്‌സ് കൂട്ടായ്മ, വലിയ ജനസംഖ്യയും വിഭവങ്ങളും വിതരണ ശൃംഖലകളും നിയന്ത്രിച്ചുകൊണ്ട് ആഗോളതലത്തില്‍ നിര്‍ണായക ശക്തമാകുന്നു.
കേന്ദ്രബിന്ദുവായി ഇന്ത്യ
ഈ പുതിയ സന്തുലിതാവസ്ഥയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്. യുഎന്‍ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ പാശ്ചാത്യ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഇന്ത്യ വിസമ്മതിച്ചത് വോള്‍ഫ് എടുത്തുപറഞ്ഞു. 'അമേരിക്ക ഇന്ത്യയോട് എന്തുചെയ്യണമെന്ന് പറയുന്നത് ഒരു എലി ആനയെ അടിക്കാന്‍ കൈ ചുരുട്ടുന്നതുപോലെയാണ്,' അദ്ദേഹം പറഞ്ഞു.
കടക്കെണിയില്‍ യുഎസ്
അതേസമയം, അമേരിക്കയുടെ പ്രതിസന്ധികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ കടം ഏകദേശം 36 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നാല്‍, ബ്രിക്‌സ് അംഗരാജ്യങ്ങള്‍ അടിസ്ഥാന സൗകര്യ വികസനം, ചരക്ക് കയറ്റുമതി, അതിവേഗ നഗരവല്‍ക്കരണം എന്നിവയുമായി മുന്നോട്ട് പോകുകയാണ്. ഐഎംഎഫ് പ്രവചനങ്ങള്‍ ഈ നിലപാടിന് ശക്തി നല്‍കുന്നു. എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, യുഎഇ, ചൈന എന്നിവ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍, ജി7 സ്തംഭനാവസ്ഥയിലാണ്.

