Asianet News MalayalamAsianet News Malayalam

തകർന്നു പോകുമോ എന്റെ ബാങ്കും? നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ് എന്നുറപ്പിക്കാനുള്ള നാല് സൂചകങ്ങൾ

ആയുസ്സിന്റെ സമ്പാദ്യം ബാങ്കിനെ വിശ്വസിച്ച് ഏൽപ്പിച്ച് വീട്ടിൽ കിടന്നുറങ്ങുന്നവർക്ക് ഇനി സ്വന്തം ബാങ്കിന്റെ വാർഷിക-പാദ റിപ്പോർട്ടുകളിൽ കണ്ടേക്കാവുന്ന ഈ നാലു സൂചകങ്ങൾക്കുമേൽ ഒരു കണ്ണുണ്ടാകുന്നത് നന്നാവും. 

Will my bank face a run? 4 factors indicating bank health
Author
Trivandrum, First Published Mar 10, 2020, 10:56 AM IST

യെസ് ബാങ്കിന്റെ തകർച്ചയ്ക്ക് ശേഷം ജനങ്ങൾ ബാങ്കുകളുടെ ബോറടിപ്പിക്കുന്ന, ഒന്നും മനസ്സിലാകാത്ത സാമ്പത്തിക പ്രസ്താവനകൾക്ക് ചെവിയോർക്കാൻ തുടങ്ങിയിട്ടുണ്ട്. അവരെ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ തകർന്നത് നല്ല നിലയ്ക്ക് വർഷങ്ങൾ പ്രവർത്തിച്ച രണ്ടു ബാങ്കുകളാണ്. പഞ്ചാബ് ആൻഡ്  മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് ആണ് ആദ്യം തകർന്നത്. ഇപ്പോഴിതാ യെസ് ബാങ്കും. ആദ്യത്തെ ബാങ്കിൽ മലയാളികൾക്ക് അധികം അക്കൗണ്ടുകൾ ഉണ്ടായിരുന്നില്ല എങ്കിൽ, യെസ് ബാങ്കിന്റെ തകർച്ചയിൽ കൈ പൊള്ളി ഇരിക്കുന്നവരിൽ നിരവധി മലയാളികളുണ്ട്. ഏപ്രിൽ 3 വരെ നിക്ഷേപകർ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് 50,000 രൂപ വരെ മാത്രമേ പരമാവധി പിൻവലിക്കാവൂ എന്ന് മൊറട്ടോറിയത്തിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിൽ  അവർ തങ്ങളുടെ ഒരു വൈസ് പ്രസിഡന്റിനെ ബാങ്കിന്റെ അഡീഷണൽ ഡയറക്ടർ ആക്കി നിയമിച്ചത് ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ അടുത്ത് നിരീക്ഷിക്കാനാണ്.

Will my bank face a run? 4 factors indicating bank health

എന്തായാലും ഈ പ്രശ്നങ്ങൾ ഉണ്ടായതോടെ മറ്റുള്ള ബാങ്കുകളിൽ അക്കൗണ്ടുള്ളവരും തങ്ങളുടെ ബാങ്കിന്റെ സാമ്പത്തികാരോഗ്യത്തിൽ ശ്രദ്ധാലുക്കളായി. ഒരു കാര്യം ഉറപ്പാണ്. തകരാത്തതോ പൊളിയാത്തതോ ആയി ഒരു ബാങ്കുമില്ല ഈ ലോകത്ത്. അതുകൊണ്ട്  ഇനി പറയുന്ന ചില സൂചകങ്ങൾ നിരീക്ഷിക്കുന്നത് നല്ലതാണ്. 

1 . ഗ്രോസ് നോൺ പെർഫോമിംഗ് അസെറ്റ്സ് (NPA) റേഷ്യോ 

ബാങ്കിന്റെ സാമ്പത്തികാരോഗ്യത്തിന്റെ ആദ്യ സൂചകം അതിന്റെ നിക്ഷേപങ്ങളുടെ ലാഭോത്പാദന ക്ഷമതയാണ്. ഒരു ബാങ്കറിന് പലിശയിനത്തിൽ തൊണ്ണൂറുദിവസത്തിൽ കൂടുതൽ അകലം ഒരു രൂപപോലും നേടിത്തരാത്ത വായ്പകളെയാണ് സാധാരണ ഗതിക്ക് നോൺ പെർഫോമിംഗ് അസ്സെറ്റ്സ് അഥവാ NPA എന്ന് വിളിക്കുക. ബാങ്ക് സുരക്ഷിതം എന്ന് സൂചിപ്പിക്കുന്ന NPA എത്രയായിരിക്കും എന്ന് ക്ലിനിക്കൽ പ്രിസിഷനോടെ പറയാൻ സാധിക്കില്ല എങ്കിലും, ലോൺ ബുക്കിന്റെ 3 ശതമാനം വരെ NPA പരക്കെ സ്വീകാര്യമാണ്. നിങ്ങളുടെ ബാങ്കിന്റെ NPA 7 ശതമാനത്തിനു മേലെയാണെങ്കിൽ, കുറേക്കൂടി മികച്ച NPA ഉള്ള ബാങ്കിലേക്ക് നിക്ഷേപങ്ങൾ മാറ്റുന്നതാകും സുരക്ഷിതം

GNPA = (Gross NPA/Total Advances ) /100 എന്നതാണ് ഗ്രോസ് NPA റേഷ്യോയുടെ ഫോർമുല.

ഇത് കൂടുതലാണെങ്കിൽ ബാങ്ക് അപകടസന്ധിയോട് അടുത്തുകൊണ്ടിരിക്കുന്നു എന്നർത്ഥം. 

ചില ബാങ്കുകളുടെ GNPA നിരക്കുകൾ 

24.72% IDBI Bank
21.95% IOB
20.64% Uco Bank
20.10% United Bank 
7.5 % - SBI 
7.39 %-YES Bank.

2 . പ്രൊവിഷനിങ് കവറേജ് റേഷ്യോ (PCR)

ബാങ്കിങ് മേഖലയിൽ ഏതൊരു ബാങ്കിന്റെയും 'ദുരിതാശ്വാസഫണ്ട്' എന്നറിയപ്പെടുന്ന വകയിരുത്തൽ ആണിത്. അവിചാരിതമായ പ്രശ്നങ്ങൾ വല്ലതുമുണ്ടായാൽ, ഫണ്ടുകൾ NPA ആയാൽ ഒക്കെ ഈ ഫണ്ട് എടുത്തുപയോഗിക്കും. ഏതൊരു ബാങ്കും പ്രൊവിഷണൽ കവറേജിന് എത്ര ഫണ്ട് മാറ്റിവെക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സ്ഥിരതയെ സാമ്പത്തിക വിദഗ്ധർ അളക്കുക. പണ്ടൊക്കെ 70 % എന്നതായിരുന്നു ഒരു ബെഞ്ച് മാർക്ക് ആയി പരിഗണിച്ചിരുന്നത്. 

Will my bank face a run? 4 factors indicating bank health

Yes ബാങ്ക് - 43.1% 
Dhanlaxmi Bank - 73.49% 
DCB Bank - 73.36% 
Federal Bank- 70.00% 
SBI  79%

3 . ടോട്ടൽ ക്യാപിറ്റൽ അഡിക്വസി റേഷ്യോ (CAR)

ഇത് നിങ്ങളുടെ ബാങ്കിന്റെ മൂലധനവും, അതിനുള്ള റിസ്കും തമ്മിലുള്ള അനുപാതമാണ്. 

CAR = (ടോട്ടൽ ക്യാപിറ്റൽ/ടോട്ടൽ റിസ്ക് വെയ്റ്റഡ് അസറ്റ്സ്)X100 

9 ശതമാനമോ അതിലധികമോ  CAR ഉണ്ടെങ്കിൽ ബാങ്ക് സുരക്ഷിതമാണ് എന്നർത്ഥം. അതുപോലെ തന്നെയാണ് CASA അഥവാ കറന്റ് ആൻഡ് സേവിങ്സ് അക്കൗണ്ട് റേഷ്യോ. ഇതും കൂടിയിരിക്കുന്നതാണ് ബാങ്കിന് നല്ലത്. 

ഇപ്പോൾ, കുറഞ്ഞ CAR ഉള്ള ചില 'റിസ്കി' ബാങ്കുകൾ ചുവടെ 

18.90% IDFC Bank
17.39% ICICI Bank
17% Yes Bank
16.77% Kotak Mah. Bank
15.83% City Union Bank

4 . കടം കൊടുക്കുന്ന തുകയിലുള്ള ആനുപാതികമായ വർദ്ധനവ് 

ഏതൊരു ബാങ്കും നിക്ഷേപമായി സൂക്ഷിക്കുന്ന തുകയും, കടം കൊടുക്കുന്ന തുകയും തമ്മിലുള്ള അനുപാതമാണ് CRR അഥവാ ക്യാഷ് റിസർവ് റേഷ്യോ. ഇന്ത്യയിൽ ചുരുങ്ങിയ CRR 3 ശതമാനവും, പരമാവധി CRR 15 ശതമാനവും ആയി നിജപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് പ്രവർത്തിക്കുന്ന ഓരോ ദിവസവും ഇത് നിലനിർത്തേണ്ടതുണ്ട്. 

Will my bank face a run? 4 factors indicating bank health

നിങ്ങളുടെ ബാങ്ക് ഒരു സാമ്പത്തിക വർഷത്തിൽ കടം കൊടുത്ത തുകയേക്കാൾ വളരെയധികമായി അടുത്തുവരുന്ന വർഷത്തിൽ കടം കൊടുത്തിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. കഴിഞ്ഞ അഞ്ചു വർഷമായി യെസ് ബാങ്ക് കടംകൊടുക്കാനുള്ള മത്സരത്തിലായിരുന്നു. 334% വായ്പകളാണ് ബാങ്ക് അധികമായി അനുവദിച്ചത്. മറ്റുബാങ്കുകളെ വെച്ച് നോക്കുമ്പോൾ എത്രയോ അധികമാണ് ഈ വായ്പാദാന നിരക്ക്. 

ഇതേ കാലയളവിൽ മറ്റുബാങ്കുകൾക്ക് കടം കൊടുപ്പിൽ ഉണ്ടായ വർധന താരതമ്യേപ്പടുത്തിയാൽ കാര്യം വ്യക്തമാവും  
 
Yes Bank  - 334%
HDFC Bank - 170%
ICICI Bank - 73%
Axis Bank - 115%
Kotak Mahindra Bank - 288%
SBI  - 81%

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 

ഏതൊരു ബാങ്കും ഒടുവിൽ തകർന്നു പോവുന്നത് അതിൽ പണം നിക്ഷേപിച്ചിട്ടുള്ള കസ്റ്റമർമാരിൽ നിന്ന് ബഹുഭൂരിപക്ഷത്തിനും ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെട്ട അവർ കൂട്ടത്തോടെ പണം പിൻവലിച്ചു തുടങ്ങുമ്പോഴാണ്. ഏതൊരു ബാങ്കിന്റെയും തകർച്ചയ്ക്ക് പ്രഥമകാരണം തത്വദീക്ഷയില്ലാത്ത കൊടുത്ത പല വായ്പകളും കിട്ടാക്കടത്തിന്റെ രൂപമാർജ്ജിക്കുന്നതാണ്. നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും താത്പര്യങ്ങൾക്ക് പുല്ലുവില കല്പിച്ചുകൊണ്ട് ബാങ്കിലെ ഉന്നതാധികാരികൾ നടത്തുന്ന രഹസ്യ അനധികൃത ഇടപാടുകളും ഈ വീഴ്ചയ്ക്ക് ആഘാതമേറ്റും എന്നുമാത്രം. ഏതിനും, ആയുസ്സിന്റെ സമ്പാദ്യം ബാങ്കിനെ വിശ്വസിച്ച് ഏൽപ്പിച്ച് വീട്ടിൽ കിടന്നുറങ്ങുന്നവർക്ക് ഇനി സ്വന്തം ബാങ്കിന്റെ വാർഷിക-പാദ റിപ്പോർട്ടുകളിൽ കണ്ടേക്കാവുന്ന ഈ നാലു സൂചകങ്ങൾക്കുമേൽ ഒരു കണ്ണുണ്ടാകുന്നത് നന്നാവും. അതിനി എത്ര വിശ്വാസമുള്ള ബാങ്കാണ് എന്ന് നിങ്ങൾക്ക് തോന്നിയാലും. 
 

Follow Us:
Download App:
  • android
  • ios