തൊഴിലാളികള്‍ക്ക് ഇനിയുള്ള കാലം ഭീഷണിയാവുന്നത് റോബോട്ടുകളാണെന്ന് പഠനം. 2030 ആവുമ്പോഴേക്കും ഇന്ത്യയില്‍ മാത്രം ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മക്കന്‍സിയുടെ പഠന റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. കൂടുതല്‍ ശാരീരിക അധ്വാനം ആവശ്യമുള്ള സാധാരണ തൊഴില്‍ രംഗമായിരിക്കും ആദ്യം റോബോട്ടുകള്‍ കൈയ്യടക്കുകയെന്നും ഗവേഷകര്‍ പ്രവചിക്കുന്നു.

സര്‍ഗാത്മകമായ കഴിവുകള്‍ ആവശ്യമുള്ള തൊഴിലുകള്‍ക്ക് വലിയ ഭീഷണിയുണ്ടാകില്ലെന്നും മറ്റുള്ളവയൊക്കെ അധികം വൈകാതെ റോബോട്ടുകള്‍ കൈയ്യടക്കുമെന്നുമാണ് കണ്ടെത്തല്‍. ലോകത്താകമാനം എട്ട് കോടി ആളുകള്‍ക്ക് ഇങ്ങനെ ജോലി പോകും. 46 രാജ്യങ്ങളിലെ 800 തരം തൊഴില്‍ അവസ്ഥകള്‍ വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരും നിഗമനത്തിലേക്ക് മക്കന്‍സി എത്തിച്ചേര്‍ന്നത്. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, ഭക്ഷണം ഉണ്ടാക്കല്‍, ഭക്ഷണ വിതരണം, ഓഫീസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഉടന്‍ തന്നെ റോബോട്ടുകളുടെ കൈയ്യിലായി മാറും. എന്നാല്‍ സ്ഥിരമായി ഒരേ ജോലി തന്നെ ചെയ്യുന്ന അവസ്ഥയില്‍ നിന്നും ഓട്ടോമേഷന് അനുസൃതമായി ജോലികളില്‍ മാറ്റം വരുത്താനും പുതിയ സാങ്കേതിക വിദ്യകള്‍ പഠിച്ചെടുക്കാനും കഴിയുന്നവര്‍ക്ക് നിലനില്‍ക്കാനാവും. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമെല്ലാം ഇതുതന്നെയാകും അവസ്ഥ.