മുപ്പത്തഞ്ച് ഗ്രാം ഭാരമുളള നാണയത്തിന്‍റെ ഒരു വശത്ത് വാജ്‍പേയിയുടെ ചിത്രവും അതോടൊപ്പം ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അദ്ദേഹത്തിന്‍റെ പേരും നല്‍കിയിട്ടുണ്ടാകും.

ദില്ലി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം പുറത്തിറങ്ങാന്‍ പോകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാജ്‍പേയിയോടുള്ള ബഹുമാന സൂചകമായി നേരത്തെ നാല് ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കിയിരുന്നു. ഛത്തീസ്ഗഢിലെ നയാ റായ്പുരിയെ 'അടല്‍ നഗര്‍' എന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു. 2018 ഓഗസ്റ്റ് 16 നാണ് വാജ്‍പേയി അന്തരിച്ചത്. 

പുതിയ നാണയത്തിന്‍റെ സവിശേഷതകള്‍ ഇതാകും:

മുപ്പത്തഞ്ച് ഗ്രാം ഭാരമുളള നാണയത്തിന്‍റെ ഒരു വശത്ത് വാജ്‍പേയിയുടെ ചിത്രവും അതോടൊപ്പം ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അദ്ദേഹത്തിന്‍റെ പേരും നല്‍കിയിട്ടുണ്ടാകും. ചിത്രത്തിന് താഴെ അദ്ദേഹത്തിന്‍റെ ജനന, മരണ വര്‍ഷങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. 

മറുവശത്ത് അശോകസ്തംഭത്തിലെ സിംഹ മുദ്രയും ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ എന്ന കുറിപ്പുണ്ടാകും. സിംഹത്തിന്‍റെ ഇടത് ഭാഗത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും വലത് ഭാഗത്ത് ഇംഗ്ലീഷില്‍ ഇന്ത്യയെന്നുമുണ്ടാകും.