രാവിലെ ആരംഭിക്കുന്ന ജോലി സമയം മിക്ക ബാങ്കുകളിലും പാതി രാത്രിയാണ് അവസാനിക്കുന്നത്. സ്ഥിരം ഇടപാടുകള്‍ക്ക് പുറമെ നോട്ടുമാറ്റാനെത്തുന്നവരുടെ നീണ്ട നിരയാണ് ബാങ്കുകളിലെത്തുന്നത്. ഒരു മിനിറ്റ് പോലും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഒരു അവധി ലഭിച്ചത്. കഴിഞ്ഞ ശനിയും ഞായറും ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമായിരുന്നു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ 11 ബാങ്ക് ഓഫീസര്‍മാര്‍ രാജ്യത്ത് ജോലി സമ്മര്‍ദ്ദം സഹിക്കാനാവാതെ മരിച്ചുവെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡി. തോമസ് ഫ്രാങ്കോ പറഞ്ഞു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ എസ്.ബി.ഐ ശാഖയിലെ ജീവനക്കാരനായ 46കാരനാണ് ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ച ജനക്കൂട്ടത്തിന് നടുവില്‍ കുഴഞ്ഞുവീണ് മരിച്ചത്.
രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാക്കിയ മാറ്റിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഔര്‍ജിത് പട്ടേല്‍ രാജിവെയ്ക്കണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോ ധനകാര്യ മന്ത്രിയോ സാമ്പത്തിക വിദഗ്ദരല്ല. അവരെ ഉപദേശിക്കാന്‍ റിസര്‍വ് ബാങ്കില്‍ വിദഗ്ദരുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് തോമസ് ഫ്രാങ്കോ പറഞ്ഞു. 500 രൂപാ നോട്ടുകളുടെ അച്ചടി വൈകിപ്പിച്ചു. പുതിയ രണ്ടായിരം രൂപാ നോട്ട്, നിലവിലുള്ള നോട്ടുകളേക്കാള്‍ വ്യത്യസ്തമായതിനാല്‍ രാജ്യത്തെ രണ്ട് ലക്ഷം എടിഎമ്മുകള്‍ പുനഃക്രമീകരിക്കണമെന്ന് അറിയാത്തവരാണോ ഇവര്‍?ഗ്രാമീണ മേഖലകളില്‍ വലിയ സ്വാധീനമുള്ള സഹകരണ ബാങ്കുകളെ നോട്ട് മാറ്റി നല്‍കുന്നതില്‍ നിന്ന് വിലക്കി. ഇങ്ങനെ, കറന്‍സി പിന്‍വലിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് രാജ്യത്ത് സാമ്പത്തിക രംഗം എങ്ങനെ പ്രവര്‍ത്തിക്കുവെന്നത് സംബന്ധിച്ച് പ്രാഥമിക വിവരം പോലുമില്ലായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.
