ദില്ലി; നോട്ട് നിരോധനകാലത്ത് 20 ലക്ഷത്തിന് മുകളില്‍ നിക്ഷേപം നടത്തിയ രണ്ടുലക്ഷം പേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍. നോട്ട് നിരോധനത്തിന് ശേഷം ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടും യാതോരു പ്രതികരണവും നല്‍കാത്തവരാണ് ഈ രണ്ടുലക്ഷം പേര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കിയേന്നും വൈകാതെ നടപടികളിലേക്ക് കടക്കുമെന്നാണ് ആദായ നികുതി വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്.

നികുതി അടയ്ക്കുന്നതില്‍ ക്രമരഹിതമായി പ്രവര്‍ത്തിക്കുന്നവരെ പിന്തുടരുകയും നടപടി എടുക്കുകയും ചെയ്യുക എന്നതാണ് ഐടി ഡിപ്പാര്‍ട്ട്മെന്‍റ് 2018 ല്‍ ലക്ഷ്യം വയ്ക്കുന്നത്. അതേ സമയം തന്നെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും ടാക്സ് അടയ്ക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാനുള്ള നീക്കത്തിലാണ്. നികുതി വെട്ടിക്കുന്നവരെ പിടികൂടുന്ന സിബിഡിറ്റി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കുമെന്ന് ചെയര്‍മാന്‍ സൂശീല്‍ ചന്ദ്ര പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

നോട്ട് നിരോധന കാലത്ത് സംശയകരമായ നിക്ഷേപം നടത്തിയ 18 ലക്ഷം അക്കൗണ്ടുകള്‍ കണ്ടെത്തിയതായി വാര്‍ത്ത വന്നിരുന്നു. ഇതില്‍ 12 ലക്ഷം അക്കൗണ്ടുകളുടെ പരിശോധന നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 2.9 ലക്ഷം കോടി രൂപയാണ് സംശയിപ്പിക്കപ്പെടുന്ന അക്കൗണ്ടുകള്‍ വഴി നോട്ട് നിരോധന കാലത്ത് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.