മൊഹാലി: മികച്ച സംരംഭകനുള്ള മേക് ഇന്‍ ഇന്ത്യ അവാര്‍ഡും പ്രധാനമന്ത്രിയുടെ പ്രശംസി പത്രവും ഏറ്റുവാങ്ങിയ യുവ വ്യവസായി 42 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി അറസ്റ്റിലായി. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കിയാണ് ഇയാള്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്. സ്വന്തമായി അച്ചടിച്ച 2000 രൂപയുടെ നോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്.

എഞ്ചിനീയറിങ് ബിരുദധാരിയായ അഭിനവ് വര്‍മ, ഇയാളുടെ ബന്ധുവായ വിശാഖ് വര്‍മ്മ, റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ സുമന്‍ നാഗ്പാല്‍ എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ സയന്‍സ് കോണ്‍ഗ്രസില്‍ വെച്ചാണ് അഭിനവ് വര്‍മ്മ മേയ്ക്ക് ഇന്‍ ഇന്ത്യ അവാര്‍ഡ് വാങ്ങിയത്. അന്ധര്‍ക്ക് സഹായകമാകുന്ന സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തതിനാണ് അഭിനവിന് പുരസ്കാരം ലഭിച്ചത്. കള്ളപ്പണക്കാരില്‍ നിന്ന് പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിച്ച് 30 ശതമാനം കമ്മീഷനും ഈടാക്കിയായിരുന്നു ഇവര്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്. പിടിച്ചെടുത്ത നോട്ടുകളെല്ലാം ഒരേ സീരിയല്‍ നമ്പറിലുള്ളതായിരുന്നു. നോട്ടുകള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന ഓഡി കാറും പൊലീസ് പിടിച്ചെടുത്തു. വി.വി.ഐ.പികളുടെ വാഹനങ്ങളിലേത് പോലെ ചുവന്ന ബീക്കണ്‍ ലൈറ്റും കാറിന് മുകളില്‍ ഇവര്‍ ഘടിപ്പിച്ചിരുന്നു.