പോളിസി പ്രീമിയം കുറയ്ക്കുന്നതടക്കമുള്ള സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (IRDAI). ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കുക, ക്ലെയിമുകൾ വേഗത്തിലാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തിൽ പ്രീമിയം തുകയടക്കം കുറച്ച് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി. അടുത്ത 4 മുതല്‍ 6 മാസത്തിനുള്ളില്‍ ആറോളം പ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് ഐആര്‍ഡിഎഐ ചെയര്‍മാന്‍ അജയ് സേത്ത് വ്യക്തമാക്കി. പോളിസി ഉടമകള്‍ക്ക് നല്‍കുന്ന സേവനത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയും വിതരണ ചിലവ് കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കമ്മീഷന്‍ കുറയും, നേട്ടം ജനങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏജന്റുമാര്‍ക്കും ബാങ്കുകള്‍ക്കും നല്‍കുന്ന ഉയര്‍ന്ന കമ്മീഷന്‍ തുകയാണ് പ്രീമിയം വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് ഐആര്‍ഡിഎഐ വിലയിരുത്തുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒരു ലക്ഷം കോടി രൂപയാണ് കമ്മീഷനായി നല്‍കിയത്. നിലവില്‍ പ്രീമിയം തുകയുടെ 30 ശതമാനത്തോളം വിതരണത്തിനും ഭരണപരമായ ചിലവുകള്‍ക്കുമാണ് കമ്പനികള്‍ മാറ്റിവെക്കുന്നത്. തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പോലുള്ള നിര്‍ബന്ധിത പോളിസികള്‍ക്കും, വര്‍ഷാവര്‍ഷം പുതുക്കുന്ന പോളിസികള്‍ക്കും എന്തിനാണ് ഇത്രയും ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതെന്നാണ് റെഗുലേറ്ററുടെ ചോദ്യം. ഈ ചിലവുകള്‍ യുക്തിസഹമായി കുറയ്ക്കുന്നതോടെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കിലും ഇളവ് പ്രതീക്ഷിക്കാം.
ഇന്‍ഷുറന്‍സ് വാങ്ങാന്‍ ഇനി 'ഭീമ സുഗം'
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ പോലെ ഇന്‍ഷുറന്‍സ് പോളിസികള്‍ താരതമ്യം ചെയ്ത് വാങ്ങാന്‍ സഹായിക്കുന്ന 'ഭീമ സുഗം' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം മെയ് മാസത്തില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതിലൂടെ വിവിധ കമ്പനികളുടെ പോളിസികള്‍ ഒരിടത്ത് താരതമ്യം ചെയ്യാം. കുറഞ്ഞ നിരക്കിലുള്ളതും മികച്ച സേവനം നല്‍കുന്നതുമായ പോളിസി തിരഞ്ഞെടുക്കാം. ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് പോളിസി വാങ്ങുന്നതിലൂടെ ചിലവ് കുറയും.
ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് വിപ്ലവം
ബാങ്കിംഗ് രംഗത്ത് യുപിഐ വരുത്തിയ മാറ്റത്തിന് സമാനമായി ഇന്‍ഷുറന്‍സ് മേഖലയില്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ നടപ്പിലാക്കും. പുതിയ ഇന്‍ഷുറന്‍സ് നിയമ ഭേദഗതി പ്രകാരം ഇതിന് നിയമസാധുത ലഭിച്ചിട്ടുണ്ട്. ഇതിലൂടെ ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയും ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ തടയുകയും ചെയ്യാം. ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് പോളിസി മാറുന്നത് എളുപ്പമാകും ചെയ്യും.
സുതാര്യത ഉറപ്പാക്കും
ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭം, ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് തുടങ്ങിയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്കും കമ്പനികള്‍ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകുന്ന രീതിയില്‍ 'റിസ്‌ക് അധിഷ്ഠിത' മൂലധന ക്രമീകരണവും പുതിയ അക്കൗണ്ടിംഗ് രീതികളും അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും.


