Asianet News MalayalamAsianet News Malayalam

അസാധുവാക്കിയ നോട്ടുകളില്‍ 99.30 ശതമാനവും തിരിച്ചെത്തിയതായി ആര്‍.ബി.ഐ

ഇതോടെ  നോട്ട് ആസാധുവാക്കലിലൂടെ കള്ളപ്പണം  ഇല്ലാതാക്കാനായെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദം പൊളിയുകയാണ്. 2016 നവംബര്‍ 8 ന്  നോട്ടുകള്‍ അസാധുവാക്കുന്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. ഇതില്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്

99 percentage of banned notes reach back says rbi
Author
Delhi, First Published Aug 29, 2018, 1:08 PM IST

ദില്ലി: 500 ന്‍റെയും 1000 ത്തിന്‍റെയും അസാധുവാക്കിയ നോട്ടുകളില്‍  99.3  ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക്.   15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ  നോട്ട് ആസാധുവാക്കലിലൂടെ കള്ളപ്പണം  ഇല്ലാതാക്കാനായെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദം പൊളിയുകയാണ്.

2016 നവംബര്‍ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 500- ന്‍റെയും 1000-ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കുന്പോള്‍ വിനിമയ രംഗത്തുണ്ടായിരുന്നത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് ഈ നീക്കമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍രെ വിശദീകരണം. അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ കള്ളപ്പണക്കാര്‍ തയ്യാറാകില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയിരുന്നത്. 

എന്നാല്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. അതായത് 99.30 ശതമാനം നോട്ടുകളും തിരിച്ചെത്തിയിരിക്കുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട 2017 -18 സാന്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനായിരം കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ തിരിച്ച് ബാങ്കുകളിലേക്ക് എത്താതിരുന്നുള്ളുവെന്നാണ് റിസര്‍വ് ബാങ്കിന്‍റെ  കണക്ക്. 

നോട്ട് അസാധുവാക്കലിനു  ശേഷം പണമിടപാടുകളില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നും റിസര്‍വ് ബാങ്ക് പറയുന്നു. മാത്രമല്ല ക്രമയ വിക്രയത്തിനുള്ള പണത്തിന്‍റെ അളവും കൂടി. 18 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇപ്പോള്‍ വിനിമയത്തിനായുള്ളത്. അതായത് രണ്ട് വര്‍ഷം കൊണ്ട് 37 ശതമാനത്തിന്‍റെ വര്‍ദ്ധന. 500 ന്‍റെയും രണ്ടായിരത്തിന്‍റെയും പുതിയ നോട്ടുകളാണ് വിനിമയ രംഗത്തുള്ളതിന്‍റെ  80 ശതമാനമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു
 

Follow Us:
Download App:
  • android
  • ios