ദില്ലി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും അധികം കാലതാമസമില്ലാതെ ബോഡിങ് പാസുകൾ പടിയിറങ്ങും. ആധാറിലെ വ്യക്തിഗത ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വിമാനയാത്ര ഡിജിറ്റലാക്കാനുള്ള നടപടികളാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം പരിഗണിക്കുന്നത്. വിമാനത്താവളങ്ങളിലെ ദീര്‍ഘമായ പരിശോധനകള്‍ പരമാവധി കുറച്ച് യാത്രക്കാരുടെ പ്രയാസങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയും.
യാത്രക്കാരുടെ ഹാൻഡ് ബാഗേജുകൾ സ്റ്റാമ്പ് ചെയ്യുന്നത് നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ബോഡിങ് പാസിന് പകരം സംവിധാനം ഒരുക്കുന്നത്. ഇതോടെ വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ എണ്ണം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മോഹപത്ര ചെയർമാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. വിവിധ വിമാന കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും പ്രതിനിധികൾ ഉള്‍പ്പെട്ട സമിതിയാണ് പഠനം നടത്തുന്നത്
നിലവിൽ ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് രാജ്യത്ത് എല്ലായിടത്തും വിമാനത്താവളങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തിലാക്കാനാണ് സാധ്യത.
