ദില്ലി: വിമാന യാത്രയ്ക്കും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന അടക്കമുള്ള കാര്യങ്ങളും പൂര്‍ണ്ണമായി ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. വിമാനത്താവളത്തില്‍ കടലാസുകളോ എഴുത്തുകുത്തുകളോ ഇല്ലാതെ ആധാര്‍ അധിഷ്ഠിതമായി എല്ലാം ഡിജിറ്റലാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം നടത്തുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളും പേപ്പര്‍ലെസ് ആയി മാറും. 

വിമാനയാത്ര പൂര്‍ണ്ണമായി ഡിജിറ്റലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.വിമാന ടിക്കറ്റെടുക്കുന്നത് മുതല്‍ ബോര്‍ഡിങ് പാസ് നല്‍കുന്നത് വരെയുള്ള എല്ലാ നടപടികളും പേപ്പര്‍ ലെസ് ആയി മാറ്റും. പാസ്പോര്‍ട്ടോ ആധാര്‍ നമ്പറോ ഉപയോഗിച്ച് യാത്രക്കാരെ തിരിച്ചറിയാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിയുന്ന തരത്തിലായിരിക്കും സംവിധാനം. ഇതിനായുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രശ്നക്കാരായ യാത്രക്കാരെ തിരിച്ചറിയാന്‍ നോ ഫ്ലൈ ലിസ്റ്റ് തയ്യാറാക്കുമെന്നും ജയന്ത് സിന്‍ഹ പറഞ്ഞു. ഏതെങ്കിലും വിമാനത്തിലോ വിമാനത്താവളങ്ങളിലോ പ്രശ്നമുണ്ടാക്കുന്നവരെ പിന്നീട് വിമാന യാത്രകളില്‍ നിന്ന് വിലക്കുന്ന നടപടികള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.