ഗുവാഹത്തി: അസമില്‍ വ്യവസായ നിക്ഷേപം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അസം സര്‍ക്കാര്‍ സംഘടിപ്പിച്ച അഡ്വവാന്റേജ് ഓഫ് അസം നിക്ഷേപസംഗമത്തിലൂടെ സംസ്ഥാനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ 200-ഓളം ധാരണപത്രങ്ങളില്‍ സര്‍ക്കാരും നിക്ഷേപകരും ഒപ്പുവച്ചു. 

അസമിന്റെ ജീവനാഡിയായ ബ്രഹ്മപുത്ര നദി കേന്ദ്രീകരിച്ചുള്ള ജലഗതാഗതം മെച്ചപ്പെടുത്താനും വന്‍പദ്ധതികളാണ് നിക്ഷേപസംഗമത്തിലൂടെ ഉരുതിരിഞ്ഞുവന്നിട്ടുള്ളത്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഓല ബ്രഹ്മപുത്രയില്‍ വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുവാന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് അസമില്‍ 2500 കോടി നിക്ഷേപിക്കും എന്നാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. 

ഉള്‍നാടന്‍ ജലഗതാഗത വികസനത്തിനായി ലോകബാങ്ക് ആയിരം കോടിയും തുറമുഖ മന്ത്രാലയം 1250 കോടിയും അസമിന് അനുവദിച്ചിട്ടുണ്ടെന്ന് അസം ഗതാഗതമന്ത്രി ചന്ദ്രമോഹന്‍ അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശനിയാഴ്ച്ച ഗുവാഹത്തിയില്‍ നടന്ന നിക്ഷേപസംഗമം ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ലുക്ക് ഈസ്റ്റ് പോളിസിയുടെ പ്രവേശനകവാടമായി അസം മാറുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു. അസമിനെ വടക്കുകിഴക്കന്‍ രാജ്യങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇടനാഴി വൈകാതെ യഥാര്‍ത്ഥ്യമാക്കണമെന്ന് മോദി പറഞ്ഞിരുന്നു.