ഭവന നിർമ്മാണ രംഗത്ത് നമ്മൾ ഇന്ന് കാണുന്ന ഏറ്റവും വലിയ പ്രശ്നം സാധാരണക്കാർക്കുള്ള വീടുകളുടെ കാര്യത്തിലാണ്.
ദില്ലി റിയൽ എസ്റ്റേറ്റ് വിപണി കുതിക്കുമ്പോഴും സാധാരണക്കാർക്ക് വീടില്ലെന്ന് പ്രമുഖ വ്യവസായി ഡോ. നിരഞ്ജൻ ഹിരാനന്ദാനി. നാഷണൽ അർബൻ & റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കോൺക്ലേവ് 2026-ൽ സംസാരിക്കുകയായിരുന്നു ഹിരാനന്ദാനി ഗ്രൂപ്പിന്റെ സ്ഥാപകനും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ ദേശീയ സംഘടനയായ NAREDCO-യുടെ ചെയർമാനുമായ നിരഞ്ജൻ ഹിരാനന്ദാനി. റിയൽ എസ്റ്റേറ്റ് മേഖല മൊത്തത്തിൽ വളർച്ച നേടുമ്പോഴും കുറഞ്ഞ വരുമാനക്കാർക്കായുള്ള ഭവന നിർമ്മാണം കുറയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭവന നിർമ്മാണ രംഗത്ത് നമ്മൾ ഇന്ന് കാണുന്ന ഏറ്റവും വലിയ പ്രശ്നം സാധാരണക്കാർക്കുള്ള വീടുകളുടെ കാര്യത്തിലാണ്, അതേസമയം, റിയൽ എസ്റ്റേറ്റ് വിപണിയിൽ വീടുകളുടെ നിർമ്മാണവും വിൽപ്പനയും കൂടുന്നുമുണ്ടെന്ന് ഹിരാനന്ദാനി പറഞ്ഞു. കഴിഞ്ഞ വർഷം ഭവന നിർമ്മാണ മേഖലയിൽ 10 ശതമാനം വളർച്ചയുണ്ടായതായി നിരഞ്ജൻ ഹിരാനന്ദാനി വ്യക്തമാക്കി. വരുന്ന മാസങ്ങളിൽ ഇതിലും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കുതിപ്പിനിടയിലും, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായി, രാജ്യവ്യാപകമായി സാധാരണക്കാർക്കുള്ള വീടുകളുടെ എണ്ണത്തിൽ 15-20% കുറവുണ്ടായി, രാജ്യത്തുടനീളം കുറഞ്ഞ വിലയിലുള്ള വീടുകൾക്ക് ആവശ്യക്കാർ ഏറെയുള്ള സമയത്താണ് ഈ ഇടിവെന്ന് നിരഞ്ജൻ ഹിരാനന്ദാനി പറഞ്ഞു.
ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകാല വിജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് മഹാമാരിക്കാലത്ത് സർക്കാർ നടത്തിയ ചില ഇടപെടലുകൾ വിപണിയെ എങ്ങനെ സഹായിച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉദാഹരണത്തിന്, മഹാരാഷ്ട്ര സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടി 50% കുറയ്ക്കുകയും മറ്റ് ചാർജുകൾ ഒഴിവാക്കുകയും ചെയ്തത് അദ്ദേഹം പറഞ്ഞു. ഈ നടപടികൾ അന്ന് സാധാരണക്കാർക്കുള്ള ഭവന നിർമ്മാണ രംഗത്ത് വലിയ ഉണർവുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
