മുംബൈ: ബജറ്റ് എയര്‍ ലൈനായ എയര്‍ ഏഷ്യ വന്‍ നിരക്കിളവ് പ്രഖ്യാപിച്ചു. ഉത്സവ സീസന്‍ അവസാനിച്ച് തിരക്ക് കുറഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. ആഭ്യന്തര ടിക്കറ്റുകള്‍ 1,299 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റുകള്‍ 2,399 രൂപ മുതലും ഓഫര്‍ കാലയളവില്‍ ലഭ്യമാവും.

ഓക്ടോബര്‍ രണ്ട് മുതല്‍ ഓക്ടോബര്‍ 15 വരെയാണ് ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളെടുക്കാം. ബംഗളുരു, റാഞ്ചി, ഹൈദരാബാദ്, പൂനെ, കോല്‍ക്കത്ത, കൊച്ചി, ദില്ലി എന്നിങ്ങനെ വിവിധ നഗരങ്ങളിലേക്കാണ് കുറഞ്ഞ നിരക്ക്.

2,399 രൂപ മുതല്‍ വിവിധ നഗരങ്ങളിലേക്ക് അന്താരാഷ്ട്ര ടിക്കറ്റുകളും ബുക്ക് ചെയ്യാം. പരിമിതമായ സീറ്റുകളിലേക്കാണ് ഓഫര്‍. ഇങ്ങനെ വാങ്ങിയ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കില്ല. എയര്‍ ഏഷ്യയുടെ വെബ്സൈറ്റില്‍ നിന്ന് മാത്രമേ സൗജന്യ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ. തിരക്ക് കുറഞ്ഞതിനാല്‍ മറ്റ് എയര്‍ലൈനുകളും ഉടന്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് സാധ്യത.