ഒാഹരി വിറ്റഴിക്കൽ തീരുമാനത്തിനിടെ എയർ ഇന്ത്യ ജീവനക്കാർക്ക്​ ശമ്പളവും വൈകുന്നു. ജൂ​ലൈയിലെ ശമ്പളമാണ്​ നൽകാത്തത്​. ശനിയാഴ്ച ശമ്പളം നൽകുമെന്ന്​ പറയുന്നുണ്ടെങ്കിലും ഇത്​ അടുത്ത ആഴ്​ചയിലേക്ക്​ നീണ്ടേക്കുമെന്നും സൂചനയുണ്ട്​.

ഏകദേശം 21,000 തൊഴിലാളികളാണ് എയർ ഇന്ത്യയിലുളളത്. ശമ്പളം വൈകുന്നതി​ൻ്റെ കാരണം സംബന്ധിച്ച്​ ഒൗദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. എയർ ഇന്ത്യയുടെ ഒാഹരി വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്​. മന്ത്രിസഭാ ഉപസമിതി ഇതിന്​ അന്തിമ രൂപം നൽകിവരികയാണ്​. 50,000 കോടിയുടെ കടബാധ്യത എയർഇന്ത്യക്കുണ്ട്​. കഴിഞ്ഞ യു.പി.എ സർക്കാർ എയർ ഇന്ത്യക്ക്​ പത്ത്​ വർഷത്തേക്ക്​ 30,000 കോടിയുടെസാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആവിഷ്​ക്കരിച്ചിരുന്നു. ​എയർ ഇന്ത്യയുടെ നിലവിലുള്ള വ്യാപാരം സുസ്​ഥിരമല്ലെന്നും ഇത്​ കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനോ കടബാധ്യതയിലേക്ക്​ തിരിച്ചടവിനോ സഹായിക്കില്ലെന്നുമാണ്​ കേന്ദ്ര വ്യോമായാന മന്ത്രാലയം പറയുന്നത്​.