ദില്ലി: ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍അവീവിലേക്ക് തങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കുവാന്‍ എയര്‍ഇന്ത്യയ്ക്ക് സൗദി അറേബ്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രയേലി ദിനപത്രമായ ഹാരറ്റ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ സര്‍വീസിന് എയര്‍ഇന്ത്യയ്ക്ക് ആകാശപാത അനുവദിച്ചതായുള്ള വാര്‍ത്തകള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിഷേധിച്ചിട്ടുണ്ടെന്ന് മറ്റൊരു ഗള്‍ഫ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തകളെക്കുറിച്ച് കേന്ദ്രവ്യോമയാനമന്ത്രാലയമോ എയര്‍ഇന്ത്യയോ പ്രതികരിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
അതേസമയം ഇസ്രയേലിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്താന്‍ സൗദിയുടെ ആകാശപാത ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയ്ക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയേയും ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനേയും ബന്ധിപ്പിച്ചു കൊണ്ട് ആഴ്ച്ചയില്‍ മൂന്ന് വീതം സര്‍വീസുകള്‍ നടത്തുവാനാണ് എയര്‍ഇന്ത്യ ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സര്‍വീസിനായി ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും ടെല്‍അവീവിലെ ബെന്‍ ഗ്യൂറിയണ്‍ വിമാനത്താവളത്തിലും പാര്‍ക്കിംഗ് സ്ലോട്ടുകള്‍ ലഭ്യമാക്കാനും എയര്‍ഇന്ത്യ അപേക്ഷ നല്‍കിയിരുന്നു.
ജൂതരാഷ്ട്രമായ ഇസ്രയേലിനോടുള്ള എതിര്‍പ്പ് കാരണം അറബ് രാഷ്ട്രങ്ങള്‍ ഒന്നും തന്നെ ആ രാജ്യവുമായി നയതന്ത്രം പുലര്‍ത്തുന്നില്ല. ഇസ്രയേല്‍ എന്ന രാജ്യത്തേയും അറബ് ലോകം ഇനിയും അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ അറബ് രാജ്യങ്ങളില്‍ നിന്ന് അവിടേക്ക് വിമാനസര്‍വ്വീസുകളില്ല.ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് അറബ് വ്യോമമേഖലയില്‍ കടക്കാനും വിലക്കുണ്ട്.
ഇസ്രയേല്‍ സര്‍വീസിനായി ആകാശപാത ഉപയോഗിക്കാന്‍ സൗദി ഇന്ത്യയെ അനുവദിക്കുകയാണെങ്കില്‍ അഹമ്മദാബാദ്-മസ്‌കറ്റ്-സൗദി അറേബ്യ വഴി രണ്ടര മണിക്കൂറില്‍ ദില്ലിയില്‍ നിന്നും ടെല്‍അവീവില്‍ പറന്നിറങ്ങാം. അല്ലാത്ത പക്ഷം സര്‍വീസ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റേണ്ടി വരും. നിലവില്‍ ഇസ്രയേലിന്റെ എല്‍ ഐ എയര്‍ലൈന്‍സ് മുംബൈയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ചെങ്കടല്ലിന് മുകളിലൂടെയുള്ള ഈ യാത്രയ്ക്ക് ഏഴ് മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്. ഇസ്രയേല്‍ എയര്‍ലൈന്‍ കമ്പനികളെ കൂടാതെ ഖത്തര്‍ എയര്‍വേഴ്‌സിനും സൗദിയുടെ ആകാശപാത ഉപയോഗിക്കാന്‍ വിലക്കുണ്ട്.
