എയര്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഹരികള്‍ 100 ല്‍ നിന്ന് 24 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് തീരുമാനം ഇഒഐയുടെ തൊഴിലും കടബാധ്യതയും സംബന്ധിച്ച നിബന്ധനകളാണ് തടസ്സം

ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വ്വീസ് കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് താഴിടേണ്ടി വരുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍റ് കാപ്പാ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ഓഹരി വിപണന നടപടികള്‍ നടന്നുവരുന്നതിനിടെയാണ് കാപ്പയുടെ പ്രഖ്യാപനം. എക്സ്പ്രസ്സ് ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) നിബന്ധനകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് മുന്നോട്ട് പോകുന്നത് നടന്നുവരുന്ന ഡീഇന്‍വെസ്റ്റ്മെന്‍റ് പ്രോഗ്രാം പരാജയപ്പെടാന്‍ ഇടയാകുന്നതാണ് ഇങ്ങനെയൊരു പരാമര്‍ശത്തിന് കാപ്പയെ പ്രേരിപ്പിച്ചത്. 

ഇഒഐയുടെ തൊഴിലും കടബാധ്യതയും സംബന്ധിച്ച നിബന്ധനകള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയ നിക്ഷേപകന്‍ വന്നാല്‍ നിരവധി വര്‍ഷത്തെ കടബാധ്യത കൂടി നിക്ഷേപകന്‍ ഏറ്റെടുക്കേണ്ടി വരും. മാര്‍ച്ച് 28 ലെ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രാഥമിക വിവര മെമ്മോറാണ്ടം പ്രകാരം എയര്‍ ഇന്ത്യയിലെ ഓഹരികള്‍ വാങ്ങാന്‍ വ്യക്തികളെ ക്ഷണിക്കുന്നതിനൊപ്പം എയര്‍ ഇന്ത്യ എക്സ്പ്രസ്സ്, എയര്‍ ഇന്ത്യ എസ്എടിഎസ് എയര്‍പോര്‍ട്ട് സര്‍വ്വീസസ് എന്നിവയുടെ ഓഹരികള്‍ കൂടി വാങ്ങാനാണ് ക്ഷണം.

എയര്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഹരികള്‍ 100 ല്‍ നിന്ന് 24 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്‍റെയും എയര്‍ ഇന്ത്യ എസ്എടിഎസ് എയര്‍പോര്‍ട്ട് സര്‍വ്വീസസിന്‍റെയും 100 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ തീരുമാനം.