എയര്‍ ഇന്ത്യയുടെ ഏറ്റവും ആധുനിക വിമാനമായ ഡ്രീംലൈനര്‍ ദുബായ് കൊച്ചി സര്‍വീസ് തുടങ്ങുന്നു. അടുത്ത മാസം ഒന്ന് മുതല്‍ തുടങ്ങുന്ന സര്‍വീസിന് 40 കിലോഗ്രാം സൗജന്യ ബാഗേജ് അടക്കമുള്ള ഓഫറുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എയര്‍ ഇന്ത്യയുടെ ആധുനിക വിമാനമായ ഡ്രീംലൈനര്‍ കൊച്ചിയിലേക്ക് തുടങ്ങുന്നത് അധികൃതര്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്ന് മുതല്‍ ദുബായ്-കൊച്ചി സര്‍വീസ് ആരംഭിക്കും. രാവിലെ 9.15 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12 ന് ദുബായില്‍ എത്തും. ദുബായില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് വിമാനം കൊച്ചിയിലേക്ക് തിരിക്കും. വൈകീട്ട് 6.50 ന് കൊച്ചിയിലെത്തും.

18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഉണ്ടാവുക. എയര്‍ ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ സര്‍വീസാണ് ഡ്രീം ലൈനര്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.