ദില്ലി; മൊബൈല്‍ സേവനദാതാക്കളായ എയര്‍സെല്‍ രാജ്യത്തെ ആറ് സര്‍ക്കിളുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്(വെസ്റ്റ്) എന്നീ സര്‍ക്കിളുകളില്‍ നിന്നാണ് ജനുവരി 30 മുതല്‍ എയര്‍സെല്‍ പിന്‍മാറുന്നത്.
തങ്ങളുടെ ഓപ്പറേറ്റിംഗ് ലൈസന്‍സ് തിരിച്ചു നല്‍കുന്നതായി കാണിച്ച് എയര്‍സെല്‍ ട്രായിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത് സ്വീകരിച്ച ട്രായി സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സേവനങ്ങള്‍ നിര്‍ത്തും മുന്‍പ് മുഴുവന്‍ ഉപഭോക്താക്കള്‍ക്കും മറ്റു കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ കടുത്ത മത്സരമാണ് രാജ്യത്തെ ടെലികോം മേഖലയില്‍ നിലനില്‍ക്കുന്നത്. നിലവിലെ അവസ്ഥയില്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് എയര്‍സെല്‍ അറിയിക്കുന്നത്.
