ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ അറിയാതെ എയര്‍ടെല്‍ പേയ്മെന്‍റസ് ബാങ്കിലേക്ക് മാറ്റിയ 190 കോടി രൂപയുടെ പാചക വാതക സബ്‍സിഡി പലിശ സഹിതം തിരികെ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ കമ്പനി നാഷണല്‍ പേയ്മെന്‍റസ് കോര്‍പറേഷനെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 31 ലക്ഷം ഉപഭോക്താക്കളുടെ സബ്സിഡി പണമാണ് സ്വന്തം പേയ്മെന്റ് ബാങ്കിലേക്ക് എയര്‍ടെല്‍ മാറ്റിയത്.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്ത് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ പേയ്‍മെന്റ്സ് ബാങ്കിലും അക്കൗണ്ട് തുടങ്ങുകയായിരുന്നു. അവസാനം ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് സബ്‍സിഡി പണം മാറുമെന്നതിനാല്‍ ഉപഭോക്താക്കള്‍ അറിയാതെ തന്നെ പണം എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കിലേക്ക് മാറി. 190 കോടിയോളം രൂപയാണ് ഇത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് എയര്‍ടെലിന് ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി വ്യാപകമായതിനെ തുടര്‍ന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി വിശദീകരണം തേടി. തുടര്‍ന്ന് ഇക്കാര്യത്തില്‍ യുനീക് എയര്‍ടെല്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആധാര്‍ ബന്ധിക്കുന്നതിനും ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള എയര്‍ടെലിന്റെ അനുമതി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി താത്ക്കാലികമായി റദ്ദാക്കുകയും കമ്പനിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് പണം എല്ലാവര്‍ക്കും പലിശ സഹിതം തിരികെ നല്‍കാമെന്ന നിലപാടിലേക്ക് എയര്‍ടെല്‍ എത്തിയത്.
