ക്നൗഡ് കംപ്യൂട്ടിംഗ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസും അതിവേഗത്തില്‍ വളരുന്ന പരസ്യ ബിസിനസ്സുമാണ് ആമസോണിന്‍റെ മിന്നുന്ന വിജയത്തിന് പിന്നില്‍.

ഇന്ന് ലോകത്തിന്‍റെ കണ്ണ് മുഴുവനും ആമസോണിന്‍റെ ബാലന്‍സ് ഷീറ്റിലേക്കാണ്. സാമ്പത്തിക വര്‍ഷത്തിന്‍റെ ഓരോ പാദത്തിലും ആരിലും അസൂയ ഉണര്‍ത്തുന്ന വളര്‍ച്ചയാണ് ആമസോണ്‍ കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം നിക്ഷേപമിറക്കിയ ബിസിനസുകളില്‍ നിന്നെല്ലാം അവ‍ര്‍ കൈവരിച്ച നേട്ടം ഇതോടൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 52.9 ബില്യണ്‍ ഡോളറിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ആമസോണ്‍ നേടിയെടുത്തത്. ആമസോണ്‍ നേട്ടങ്ങളിലേക്ക് ഓടിക്കയറുമ്പോള്‍ ലോകത്ത് ജെഫ് ബെസോസിസ് എന്ന തന്ത്രശാലിയായ ബിസിനസുകാരന്‍റെ തലയെടുപ്പാണ് വര്‍ദ്ധിക്കുന്നത്. 

ക്നൗഡ് കംപ്യൂട്ടിംഗ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസും അതിവേഗത്തില്‍ വളരുന്ന പരസ്യ ബിസിനസ്സുമാണ് ആമസോണിന്‍റെ മിന്നുന്ന വിജയത്തിന് പിന്നില്‍. ക്നഡ് കംപ്യൂട്ടിംഗില്‍ കൈവരിച്ച അനന്യസാധാരണമായ വളര്‍ച്ച കമ്പനിയുടെ പ്രധാന ബിസിനസായ ഇ- കൊമേഴ്സിന് കൊഴുപ്പുകൂട്ടുമെന്നുറപ്പാണ്. 

ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ വിപുലീകരണത്തിനായി ആമസോണ്‍ നടത്തുന്ന ശ്രമങ്ങളെല്ലാം വലിയ വിജയങ്ങളായാണ് മാറിയത്. കണക്കുകള്‍ പുറത്ത് വന്ന രണ്ടാം പാദത്തില്‍ അന്താരാഷ്ട്ര ബിസിനസ് ഇടപാടുകളിലെ നഷ്ടം കുറയ്ക്കാന്‍ കമ്പനിയെ പ്രാപ്തമാക്കിയിട്ടുണ്ട്. 494 ദശ ലക്ഷം ഡോളറാണ് ഇക്കാലയളവില്‍ കമ്പനിക്കുണ്ടായ നഷ്ടം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിലെ സാമ്പത്തിക നഷ്ടം 724 ദശലക്ഷം ഡോളറായിരുന്നു. വാര്‍ഷിക നഷ്ടം 31 ശതമാനമായാണ് ആമസോണിന് കുറയ്ക്കാനായത്.

ഇന്ത്യയില്‍ അഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന കമ്പനി ഇവിടെ ഇനിയും കൂടുതല്‍ നിക്ഷേപം നടത്തുന്നുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി മികച്ച ഇന്നവേഷനുകള്‍ നടപ്പാക്കുമെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രയ്ന്‍ ഒസ്ലാവിസ്കി അറിയിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുകളാണ് അഞ്ചാം വാര്‍ഷിക വേളയില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അലക്സ പോലെയുളള പേഴ്സണല്‍ അസിസ്റ്റന്‍സ് ഡിവൈസുകള്‍ കമ്പനിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് ബില്‍ഡിങിന് വലിയ ഗുണം ചെയ്തതായാണ് മാര്‍ക്കറ്റിങ് വിദഗ്ധരുടെ പക്ഷം. ആമസോണിന്‍റെ ഈ വളര്‍ച്ച ജെഫ് ബെസോസിനെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാക്കി മാറ്റുകയും ചെയ്തു.