ഓണ്‍ലെെന്‍ സംവിധാനത്തിലേക്ക് തപാല്‍ വകുപ്പ് പൂര്‍ണമായി മാറിയതോടെയാണ് ആമസോണ്‍ അടക്കമുള്ള വ്യാപാര കമ്പനികളുമായി സഹകരിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്

തിരുവനന്തപുരം: പ്രമുഖ ഓണ്‍ലെെന്‍ വ്യാപാര വെബ്സെെറ്റായ ആമസോണും തപാല്‍ വകുപ്പും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഇനി മുതല്‍ ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ തപാല്‍ വകുപ്പായിരിക്കും ഉപഭോക്താക്കളില്‍ എത്തിക്കുക. നേരത്തെ തന്നെ രാജ്യത്ത് ആമസോണ്‍ നടത്തുന്ന ഇടപാടുകള്‍ ഏറെയും തപാല്‍ വകുപ്പ് വഴിയാണ് നടത്തിയിരുന്നത്.

പുതിയ കരാര്‍ വന്നതോടെ ഓര്‍ഡറുകള്‍ പൂര്‍ണമായും തപാല്‍ വകുപ്പിലൂടെ തന്നെ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഓണ്‍ലെെന്‍ സംവിധാനത്തിലേക്ക് തപാല്‍ വകുപ്പ് പൂര്‍ണമായി മാറിയതോടെയാണ് ആമസോണ്‍ അടക്കമുള്ള വ്യാപാര കമ്പനികളുമായി സഹകരിക്കാനുള്ള അവസരം ഒരുങ്ങിയത്.

ഇതിനകം ഇത്തരത്തില്‍ വിവിധ കമ്പനികളുമായി തപാല്‍ വകുപ്പ് കരാറില്‍ എത്തിക്കഴിഞ്ഞു. തപാല്‍ വകുപ്പുമായി കരാറിലായതോടെ ആമസോണിന് ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസീയത ആര്‍ജിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന് പിന്നിലെ കാരണം. നിലവില്‍ വിവിധ കൊറിയര്‍ സര്‍വീസുകളാണ് ഓണ്‍ലെെന്‍ ആയി വാങ്ങുന്ന സാധനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. നിലവിലുള്ള ക്രമീകരണങ്ങള്‍ പോലെ തന്നെ പോസ്റ്റ്മാന്മാരുടെ സഹായത്തോടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുകയാണ് തപാല്‍ വകുപ്പ് ചെയ്യുക.

പുതിയ കരാറുകളും സംവിധാനങ്ങളും വരുന്നത് മുന്നില്‍ കണ്ട് തപാല്‍ ഓഫീസുകളില്‍ സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. സാധനങ്ങള്‍ സംഭരിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്.