രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ കയ്യിലെത്തും

ബാംഗ്ലൂര്‍: ഇന്ത്യയില്‍ ഗ്രോസറീസ് (പലചരക്ക്) വിപണിയില്‍ സജീവമാകാന്‍ തയ്യാറെടുത്ത് ആമസോണ്‍. പാന്‍ട്രിയെന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സാധനങ്ങള്‍ വില്‍ക്കാനാണ് ആമസോണിന്‍റെ പദ്ധതി. പ്രാദേശിക കച്ചവടക്കാരുടെ സഹായത്തോടെ രണ്ടുമണിക്കൂര്‍ കൊണ്ട് ഏത് സാധനവും ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യു.എസില്‍ നിലവില്‍ ആമസോണിന് 'ആമസോണ്‍ ഫ്രഷ്' എന്ന പേരിലാണ് ഗ്രോസറി സര്‍വീസുളളത്. ഇതേ മാതൃകയില്‍ പാന്‍ട്രിയെ വികസിപ്പിക്കാനാവും ആമസോണിന്‍റെ ശ്രമം. 

ഇന്ത്യന്‍ ഇ- കോമേഴ്സ് വിപണി 200 ബില്യണ്‍ ഡോളറിലേക്കുയരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ഡ്‍ലീ പറയുന്നത്. ഇന്ത്യയില്‍ മൊബൈല്‍ നിരക്കുകള്‍ കുറഞ്ഞത് ഓണ്‍ലൈന്‍ വിപണിയെ വലിയ തോതില്‍ ഉത്തേജിപ്പിച്ചിട്ടുണ്ട്. ആമസോണിന് ഇന്ത്യയിലിപ്പോള്‍ പത്ത് കോടി രജിസ്റ്റേഡ് ഉപഭോക്താക്കളുണ്ട്. പുതിയ മേഖലയിലേക്ക് കടക്കുന്നതോടെ ഇത് വിപുലമായേക്കും. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പത്ത് ഘടനയുളള രാജ്യമായ ഇന്ത്യയില്‍ ഇ- കോമേഴ്സിന് വലിയ സാധ്യതകളാണുളളത്. റീടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടും ഫ്ലിപ്പ്കാര്‍ട്ടും ഒന്നാവുക കൂടി ചെയ്യുന്നതോടെ ഇന്ത്യന്‍ ഇ-കോമേഴ്സ് വിപണിയില്‍ മത്സരം കടുക്കും.