ഐഫോണിലെ കോഡിങിനെക്കുറിച്ച് പഠിച്ചത് സ്വയമാണ് 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഈ വര്‍ഷത്തെ ഡിസൈന്‍ അവാര്‍ഡ് പ്രഖ്യാപനം കേട്ട് രാജ വിജയറാം അത്ഭുതപ്പെട്ടു. തന്‍റെ കാല്‍സി 3 (calzy3) എന്ന കാല്‍ക്കുലേറ്റര്‍ ആപ്പ് ഈ വര്‍ഷത്തെ ആപ്പിളിന്‍റെ ഡിസൈന്‍ അവാര്‍ഡ് നേടിയെന്നതായിരുന്നു വിജയറാമിനെ അത്ഭുതപ്പെടുത്തിയത്.

ഇതോടെ ഇന്ത്യന്‍ ടെക്നോളജി മേഖലയ്ക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് രാജ വിജയറാമെന്ന തമിഴ്നാട്ടുകാരന്‍. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ നടക്കുന്ന ആപ്പിളിന്‍റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാജയ്ക്ക് അപ്രതീക്ഷിതമായാണ് അവാര്‍ഡ് ലഭിച്ചത്. പ്രഖ്യാപനത്തില്‍ ആദ്യമൊന്ന് പരിഭ്രമിച്ച അദ്ദേഹം പിന്നീട് വേദിയില്‍ കയറി അവാര്‍ഡ് വാങ്ങുകയും ചെയ്തു. 

ഐഫോണിലെ ഐഒഎസ് ആപ്ലിക്കേഷനുകളെ കുറിച്ച് കൂടുതല്‍ പഠിച്ച രാജ സ്വയം പരിശീലനത്തിലൂടെയാണ് ആപ്ലിക്കേഷനിലും കോഡിങിലും അറിവ് നേടിയത്. തുടര്‍ന്നാണ് ഐഒഎസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാല്‍സി3 ആപ്പ് വികസിപ്പിച്ചത്. 159 രൂപ വിലവരുന്നതാണ് ആപ്പ്. വാപ്പിള്‍സ്റ്റഫ് എന്ന പേരില്‍ സ്വന്തമായി അദ്ദേഹത്തിന് കമ്പനിയുമുണ്ട്.