ചൈനയെ പിന്തള്ളി ജൂണ്‍ പാദത്തില്‍ യുഎസിലേക്ക് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്ത രാജ്യമായി ഇന്ത്യ മാറിയിരുന്നു

ചൈനയിലെ തങ്ങളുടെ ഒരു റീട്ടെയില്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങി ആപ്പിള്‍. ചൈനയിലെ ഡാലിയന്‍ നഗരത്തിലെ സോങ്ഷാന്‍ ജില്ലയിലുള്ള പാര്‍ക്ക്‌ലാന്‍ഡ് മാള്‍ സ്റ്റോര്‍ ഓഗസ്റ്റ് 9-ന് അടച്ചുപൂട്ടുമെന്ന് ആപ്പിള്‍ അറിയിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിലെ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് കമ്പനി പറയുന്നത്. ലോകമെമ്പാടുമുള്ള 530-ല്‍ അധികം സ്റ്റോറുകളില്‍ 56 എണ്ണം, അതായത് 10 ശതമാനത്തിലധികം, ചൈനയിലാണ് ആപ്പിളിനുള്ളത്.

ചൈന നിലവില്‍ ചില സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്തൃ ചെലവ് കുറയുകയും ആഗോള താരിഫുകള്‍ കയറ്റുമതിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ റീട്ടെയില്‍ വില്‍പ്പന വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറവാണ്, കൂടാതെ വീടുകളുടെ വില അതിവേഗം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയില്‍, രണ്ടാം പാദത്തില്‍ ആപ്പിളിന്റെ ചൈനയിലെ വില്‍പ്പന 2.3% കുറഞ്ഞ് 16 ബില്യണ്‍ ഡോളറായി.

സ്റ്റോര്‍ അടച്ചുപൂട്ടുന്നത് മൂലം ബാധിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് മാറാനുള്ള അവസരം നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു. ഈ സ്റ്റോര്‍ അടച്ചുപൂട്ടുന്നുണ്ടെങ്കിലും ആപ്പിള്‍ ചൈനീസ് വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങുന്നില്ല. ഓഗസ്റ്റ് 16-ന് ഷെന്‍ഷെനിലെ യുണിവോക്ക് കിയാന്‍ഹായില്‍ ഒരു പുതിയ സ്റ്റോര്‍ തുറക്കാന്‍ കമ്പനി ഒരുങ്ങുന്നുണ്ട്. കൂടാതെ അടുത്ത വര്‍ഷം ബീജിംഗിലും ഷാങ്ഹായിലും പുതിയ സ്റ്റോറുകള്‍ തുറക്കാനും പദ്ധതിയുണ്ട്.

ഈ വര്‍ഷം ആദ്യം അന്‍ഹുയി പ്രവിശ്യയില്‍ ആപ്പിള്‍ ഒരു പുതിയ സ്റ്റോര്‍ തുറന്നിരുന്നു. ഡിട്രോയിറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ മറ്റ് വിപണികളിലും ആപ്പിള്‍ പ്രവര്‍ത്തനം വമപുലീകരിക്കാന്‍ ഒരുങ്ങുകയാണ്.

ആപ്പിള്‍ ഇന്ത്യയിലേക്ക്

ചൈനയെ പിന്തള്ളി ജൂണ്‍ പാദത്തില്‍ യുഎസിലേക്ക് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്ത രാജ്യമായി ഇന്ത്യ മാറിയിരുന്നു വ്യാപാര, താരിഫ് അനിശ്ചിതത്വങ്ങളെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഐഫോണ്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ മാറ്റാനുള്ള ആപ്പിളിന്റെ നീക്കമാണ് ഇതിന് പ്രധാന കാരണം. ജൂണ്‍ പാദത്തില്‍ യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ 'മെയ്ഡ് ഇന്‍ ചൈന' ഉല്‍പ്പന്നങ്ങളുടെ പങ്ക് 25% ആയി കുറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ഇത് 61% ആയിരുന്നു. ഈ മാറ്റത്തിന്റെ ഭൂരിഭാഗവും ഇന്ത്യയ്ക്ക് അനുകൂലമായി മാറി.