നോട്ട് അസാധുവാക്കിയതിന് ശേഷം കിട്ടിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി നിയമം ഭേദഗതി ചെയ്യുന്നതെന്ന് കേന്ദ്രസർക്കാർ ആദായ നികുതി ഭേദഗതി ബില്ലിൽ വ്യക്തമാക്കി. മൂന്ന് പ്രധാനപ്പെട്ട നിർദ്ദേശങ്ങളാണ് ബില്ലിലുള്ളത്. നോട്ട് അസാധുവാക്കിയതിന് ശേഷം നടത്തിയ നിക്ഷേപങ്ങൾക്ക് സ്രോതസ് കാണിക്കുകയാണെങ്കില്‍ നിലവിലുള്ള നികുതിയായ 30 ശതമാനവും അതിന്റെ 33 ശതമാനം സർച്ചാർജിനും പുറമേ ബാക്കി തുകയ്ക്ക് 30 ശതമാനം പിഴയും ഈടാക്കും. വരുമാനസ്രോതസ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ നികുതിക്ക് പുറമേ ബാക്കി തുകക്ക് 60 ശതമാനം പിഴയും നൽകേണ്ടി വരും.അതായത് 85 ശതമാനം തുക നഷ്ട്ടപ്പെടും. 

കണക്കിൽപ്പെടാത്ത പണം പലിശ രഹിത വായ്പയായി നാല് വർഷത്തേക്ക് നിക്ഷേപിക്കാനുള്ള അവസരമാണ് മൂന്നാമത്തെ നിർദ്ദേശം.ഗരീബ് കല്യാൺ യോജന എന്ന ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നവർ നിലവിലുള്ള നികുതിക്ക് പുറമേ 10 ശതമാനം പിഴ ഒടുക്കിയാൽ മതിയാകും. രണ്ടര ലക്ഷത്തിന് താഴെയുള്ള നിക്ഷേപങ്ങൾക്കും വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഈ ബില്ലിലെ വ്യവസ്ഥകൾ ബാധകമായിരിക്കും.ജൻ ധൻ അക്കൗണ്ടുകളിൽ വൻ തുക എത്തിയതിനാലാണ് ഈ തീരുമാനം. ഇതിനിടെ നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൽ മുഖ്യമന്ത്രിമാരുടെ ഉപസമിതിക്ക് കേന്ദ്രസ‍ർക്കാർ‍ രൂപം നൽകി.