കമ്പനിയുടെ സ്വത്ത് വകകളും ഓഹരികളും എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കുകയാണ്.

ബംഗളുരു: തനിക്ക് 12,400 കോടിയുടെ ആസ്തികളുണ്ടെന്നും അത് ഉപയോഗിച്ച് ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെ എല്ലാ ബാധ്യതകളും തീര്‍ക്കാന്‍ കഴിയുമെന്നും വിജയ് മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് പലിശ സഹിതം 6000 കോടിയുടെ ബാങ്ക് വായ്പയാണ് തിരിച്ചടയ്‌ക്കാനുള്ളതെന്നും മല്യയുടെ കമ്പിനിയായ യുനൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്സ് അറിയിച്ചു.

കമ്പനിയുടെ സ്വത്ത് വകകളും ഓഹരികളും എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കുകയാണ്. ഇത് കാരണമാണ് ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാന്‍ കഴിയാത്തതെന്നും കമ്പനി കോടതിയില്‍ വാദിച്ചു. ബംഗളുരു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കമ്പനിയുടെ ആസ്തികള്‍ക്ക് ജനുവരിയില്‍ 13,400 കോടിയുടെ മൂല്യമുണ്ടായിരുന്നെന്നും വിപണിയിലെ കയറ്റിറക്കങ്ങള്‍ കാരണം ഇപ്പോള്‍ മൂല്യം 12,400 കോടിയില്‍ എത്തിയെന്നും അഭിഭാഷന്‍ വാദത്തിനിടെ പറഞ്ഞു. എല്ലാ ബാധ്യതകളും കൂട്ടിയാല്‍ പോലും 10,000 കോടിയില്‍ താഴയേ വരൂ. അതുകൊണ്ടുതന്നെ ആസ്തികള്‍ വിറ്റ് ബാധ്യതകള്‍ പൂര്‍ണ്ണമായി തീര്‍ക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്നാണ് നിലപാട്. കേസ് ഇനി ഏപ്രില്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.