ഹൈടെക് എടിഎം കവര്‍ച്ച തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കുന്നു. രണ്ടുമാസംകൊണ്ട് എണ്ണായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും
ക്യാമറ ദൃശ്യങ്ങള്‍ 24മണിക്കൂറും നിരീക്ഷിക്കുമെന്നും എസ്ബിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ എടിഎമ്മുകളിലും കൃത്യമായ ഇടവേകളില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷ പരിശോധന നടത്തുമെന്നും എസ്ബിഐ സിഒഒ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.

എടിഎമ്മുകള്‍ നിരീക്ഷണവലയത്തിലാക്കും. എടിഎം കൗണ്ടറുകളിലെ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഡെസ്ക് മുഴുവന്‍ സമയവും പരിശോധിക്കും. സംശയകരമായി എന്തെങ്കിലും എടിഎമ്മുകളില്‍ നടന്നാന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം കൈമാറും.

ഒരു ചാനല്‍ മാനേജര്‍ക്ക് 15 എടിഎമ്മുകളുടെ ചുമതല നല്‍കും. കൃത്യമായ ഇടവേളകളില്‍ ഇവര്‍ എടിഎമ്മുകളിലെത്തി സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കും. കൂടാതെ മെഷീനിലും കൗണ്ടറുകളിലും ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്ന് എടിഎമ്മുകളില്‍ പണംനിക്ഷേപിക്കാനെത്തുന്ന ജീവനക്കാരും പരിശോധിക്കും.
 
റൊമാനിയന്‍ സംഘത്തിന്റെ എടിഎം തട്ടിപ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ബാങ്കിന്റെയും ഉപഭോഗ്താക്കളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മറച്ചുവെക്കുന്നില്ലെന്ന് എസ്ബിഐ ചീഫ് ഒപ്പറേറ്റിംഗ് ഓഫീസറു്ം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് കുമാര്‍ തുറന്നു സമ്മതിച്ചു. പുതീയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളമോഷണം ചെറുക്കുക ശ്രമകരമാണ്. ബാങ്കിന്റെ  വെബ് ടീമിനെ ശക്തിപ്പെടുത്തും.  അടുത്ത രണ്ടുമാസംകൊണ്ട് എട്ടായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.

ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ ബാങ്ക് സ്ഥിരമായി വിശകലനം ചെയ്യുമെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു. കൂടാതെ ഓരോ എടിഎമ്മിന്റെയും സുരക്ഷ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

ഓരോ എടിഎമ്മിനും കാവല്‍, വാതില്‍ തുറക്കാന്‍ കാര്‍ഡ് ഉപയോഗിക്കണമെന്ന നിബന്ധന, ഒന്നിലധികം പേര്‍ ഒരുതവണ കൗണ്ടറില്‍ കയറരുതെന്ന നിര്‍ദേശം എന്നിവയെല്ലാം കര്‍ശനമായി നടപ്പിലാക്കുമെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു.