കറന്‍സി പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ അവധി ദിവസത്തില്‍ സംസ്ഥാനത്ത് ബാങ്കിംഗ് മേഖലയില്‍ പൂര്‍ണ്ണ സ്തംഭനം. പകുതിയോളം എടിഎമ്മുകളിലും കാശില്ല. കാശുള്ളിടത്താകട്ടെ രണ്ടായിരത്തിന്‍റെ നോട്ടും.

തുടര്‍ച്ചയായ പതിനൊന്ന് ദിവസത്തെ പ്രവര്‍ത്തനത്തിന് ശേഷം ആദ്യ ബാങ്ക് അവധി ദിനം. കറന്‍സി പ്രതിസന്ധി പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ എടിഎമ്മുകളില്‍ പൊതുവെ തിരക്ക് കുറവ്. പകുതിയോളമിടത്ത് കാശില്ല. ക്യൂ നിന്ന് കാശ് കിട്ടിയാലും രണ്ടായരത്തിന്റെ ഒറ്റ നോട്ടുമാത്രമായതിനാല്‍ ചില്ലറപ്രതിസന്ധിക്കും കുറവില്ല.

അഞ്ഞൂറിന്‍റെ നോട്ട് കേരളത്തിലെത്തിയെങ്കിലും വിതരണം വൈകാനിടയുണ്ട്. പുതിയ നോട്ടുകള്‍ രേഖപ്പെടുത്തുന്ന വിധം ബാങ്കിംഗ് സോഫ്റ്റ്‍വെയറില്‍ മാറ്റം വരുത്തണം. വിവാഹാവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.