. നഷ്ടത്തിലുള്ള ബാങ്കുകളും ചെറുകിട ബാങ്കുകളുമാണ് ഈ തീരുമാനം നടപ്പാക്കുന്നത്

തൃശൂര്‍: പണമിടപാടുകള്‍ കുറവുള്ള എടിഎമ്മുകള്‍ രാത്രിയില്‍ അടച്ചിടാന്‍ നീക്കം നടക്കുന്നു. ലാഭകരമല്ലാത്ത എടിഎമ്മുകള്‍ രാത്രികളില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നും രാത്രിയിലെ സേവനം അവസാനിപ്പിക്കാനുമാണ് ചില ബാങ്കുകളുടെ നീക്കം. നഷ്ടത്തിലുള്ള ബാങ്കുകളും ചെറുകിട ബാങ്കുകളുമാണ് ഈ തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്. ചെലവ് ചുരുക്കാനും ഡിജിറ്റര്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ചെലവ് കുറയ്ക്കുന്നതിന് മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ചില ബാങ്കുകള്‍ നിയോഗിച്ച കോസ്റ്റ് എക്സ്പെന്‍ഡിച്ചര്‍ കമ്മറ്റിയാണ് രാത്രികാലങ്ങളില്‍ എടിഎമ്മുകള്‍ അടച്ചിടാന്‍ ശുപാര്‍ശ നല്‍കിയത്. രാത്രി 10 മണിമുതല്‍ രാവിലെ എട്ട് മണി വരെ ഇടപാടുകള്‍ നടക്കാത്ത ബാങ്കുകള്‍ അടച്ചിടാനാണ് തീരുമാനം. ചെറുകിട ബാങ്കുകള്‍ ഈ തീരുമാനം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.