തിരുവനന്തപുരം: സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം എടിഎമ്മുകളുടെ സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് എസ്ബിടി ചീഫ് ജനറല്‍ മാനെജര്‍ ആദികേശവന്‍. എടിഎമ്മുകള്‍ സുരക്ഷിതമാണെന്നും തിരുവനന്തപുരത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

എടിഎമ്മില്‍ നടക്കേണ്ടതല്ലാത്ത കാര്യങ്ങള്‍ അവിടെ നടന്നാല്‍ അലേര്‍ട്ട് തരത്തക്കവിധത്തിലുള്ള നിരീക്ഷണ സംവിധാനം വരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനോടകം എസ്ബിടി അടക്കമുള്ള ബാങ്കുകള്‍ 200 എടിഎമ്മുകളില്‍ കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

തിരുവനന്തപുരത്തെ തട്ടിപ്പു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നശേഷം എല്ലാ എസ്ബിടി എടിഎമ്മുകളിലും പരിശോധന നടത്തിയിരുന്നു. ഓരോ എടിഎമ്മിനും ഉത്തരവാദപ്പെട്ട ഓഫിസര്‍മാരുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.