മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്കുകളും ഭവന വായ്പയ്ക്കുള്ള പലിശ നിരക്കുകളില്‍ കുറവ് വരുത്തി. ശമ്പള വരുമാനക്കാര്‍ക്കുള്ള 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ആക്സിസ് ബാങ്ക് പലിശ നിരക്ക് 8.35 ശതമാനമാക്കി കുറച്ചിരക്കുന്നത്. ഇതോടെ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് എന്നിവയെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന സ്ഥാപനമായി ആക്സിസ് ബാങ്ക് മാറി. 

വനിതകള്‍ക്ക് 8.35 ശതമാനം നിരക്കിലും മറ്റുള്ളവര്‍ക്ക് 8.40 ശതമാനം നിരക്കിലുമാണ് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ വായ്പ നല്‍കുന്നത്. എന്നാല്‍ ഈ വ്യത്യാസമില്ലാതെയാണ് ആക്സിസ് ബാങ്ക് നിരക്ക് കുറച്ചത്. മേയ് 16 മുതല്‍ തന്നെ കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വന്നുവെന്നാണ് ആക്സിസ് ബാങ്ക് അറിയിച്ചിരിക്കുന്നത്. സ്വയം തൊഴില്‍ സംരഭങ്ങള്‍ നടത്തുന്നവര്‍ക്ക് 8.40 ശതമാനമായിരിക്കും പലിശ. 30 ലക്ഷത്തിന് മുകളില്‍ 75 ലക്ഷം വരെ വായ്പ വേണ്ട ശമ്പളക്കാര്‍ക്ക് 8.70 ശതമാനവും മറ്റുള്ളവര്‍ക്ക് 8.75 ശതമാനവും പലിശ ഈടാക്കും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ അടുത്തിടെയാണ് ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചത്.