വൈദ്യശാസ്ത്ര മേഖലയില്‍ രാജ്യത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും എന്നാല്‍ അത്തരം ചികിത്സാ രീതികളെ അലോപ്പതി ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യുന്നുവെന്ന് വിമര്‍ശനം

ദില്ലി: എംബിബിഎസ് കോഴ്‍സ് സിലബസില്‍ ആയൂര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയും ഉള്‍പ്പെടുത്തണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയൂര്‍വ്വേദം ഉള്‍പ്പെടെയുള്ള ഇതര ചികിത്സാ സമ്പ്രദായങ്ങളില്‍ വിശ്വാസമില്ലെന്നും ഇത് പരിഹരിക്കാനാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നുമാണ് വിശദീകരണം. പകരം ആയൂര്‍വേദം ഉള്‍പ്പെടെയുള്ളവയുടെ പാഠ്യപദ്ധതിയില്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ നിന്നുള്ളവയും കൂട്ടിച്ചേര്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വൈദ്യശാസ്ത്ര മേഖലയില്‍ രാജ്യത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും എന്നാല്‍ അത്തരം ചികിത്സാ രീതികളെ അലോപ്പതി ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യുന്നുവെന്നും അവയുടെ വിശ്വാസ്യതയില്‍ സംശയം ഉന്നയിക്കുന്നുവെന്നും പറഞ്ഞാണ് പുതിയ നിര്‍ദ്ദേശം. ആരോഗ്യ കുടുംബക്ഷേമ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയാണ് പാഠ്യപദ്ധതിയില്‍ മാറ്റം വേണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച ഇത് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. ആയൂര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവയുടെ പാഠ്യപദ്ധതിയില്‍ അലോപ്പതിയില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതോടൊപ്പം ഇതര ചികിത്സാരീതികളെ എംബിബിഎസ് ഡോക്ടര്‍മാര്‍ പരിചയപ്പെടണം. അത്യാവശ്യം കാര്യങ്ങള്‍ പഠിച്ചിരിക്കുകയും വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കേന്ദ്ര-ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതിനാവശ്യമായ മാറ്റങ്ങള്‍ ഉടന്‍ വരുത്തണമെന്നാണ് നിര്‍ദ്ദേശം.