ദില്ലി: ബാങ്ക് വായ്പാ തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം വേണമെന്ന ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.മോദിയിൽ നിന്ന് വജ്രാഭരണം വാങ്ങിയ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയുടെ ഭാര്യ അനിതാ സിംഗ്വിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് കെട്ടിച്ചമച്ച പരാതിയാണ് തനിക്കെതിരെയുള്ളതെന്ന് നീരവ് മോദി പ്രതികരിച്ചു.

അഭിഭാഷകനായ വീനീത് ധൻദയാണ് ബാങ്ക് വായ്പാ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ബാങ്ക് വായ്പ നല്കുന്നതിന് കർശന മാനദണ്ഡങ്ങൾ വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

നീരവ് മോദിയുടെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്ത ആദായനികുതി വകുപ്പ് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയുടെ ഭാര്യയും ഗായികയുമായ അനിതാ സിംഗ്വി ആറരക്കോടി രൂപയുടെ വജ്രാഭരണം വാങ്ങിയെന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ചു കോടി പണമായി നേരിട്ടു നല്കിയായിരുന്നു ഇടപാട്. ഇക്കാര്യം വിശദീകരിക്കാനാണ് അനിതാസിംഗ്വിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നല്കുമെന്നും പട്ടികയിലുള്ള എല്ലാ പേരും പുറത്ത് വിട്ട് നോട്ടീസ് നല്കുമോയെന്നും മനു അഭിഷേക് സിംഗ്വി ചോദിച്ചു.

പശ്ചിമബംഗാൾ ധനമന്ത്രി അമിത് മിത്ര മെഹുൽ ചോക്സിക്കൊപ്പം നില്ക്കുന്ന ചിത്രം ബിജെപി പുറത്തു വിട്ടു. ടുജി കേസിൽ പ്രതികൾക്കായി ഹാജരായ വിജയ് അഗർവാളാണ് നീരവ് മോദിയുടെ അഭിഭാഷകൻ. ദുബായിലെത്തി നീരവ് മോദിയുടെ ഉപദേശകരെ വിജയ് അഗർവാൾ കണ്ടു. 5000 കോടിയിൽ താഴെ മാത്രം വായ്പ ഉള്ളപ്പോൾ ബാങ്ക് ഇത് പെരുപ്പിച്ചു കാട്ടുകയാണെന്നും വിജയ് അഗർവാൾ വ്യക്തമാക്കി. 3695 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനുള്ള വിക്രം കോത്താരിയുടെ പതിനാല് അക്കൗണ്ടുകൾ സിബിഐ മരവിപ്പിച്ചു.