ബാങ്ക് ഓഫ് മഹാരാഷ്ട്ര ചെയര്‍മാന്‍ അറസ്റ്റില്‍

പൂനെ: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായി. കടലാസ്സ് കമ്പനിക്ക് വായ്പയായി 3,000 കോടി രൂപ അനുവദിച്ച് ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഡിഎസ്കെ ഗ്രൂപ്പെന്ന കടലാസു കമ്പനിക്കാണ് ഓരോ രേഖകളുപയോഗിച്ച് മൂന്ന് തവണ വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയത്.

പോലീസിന്‍റെ പ്രത്യേക കുറ്റാന്വേഷണ വിഭാഗമായ ഇക്കണോമിക് ഓഫന്‍സസ് വിങാണ് മറാത്തെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറാത്തെയെക്കൂടാതെ ബാങ്കിന്‍റെ മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും മുന്‍ ബാങ്ക് ചെയര്‍മാനെയും. ഡിഎസ്കെ ചാറ്റേര്‍ഡ് അക്കൗണ്ടന്‍റിനെയും അറസ്റ്റ് ചെയ്തു. വഞ്ചന, ചതിപ്രയോഗം, ഗൂഢാലോചന, ക്രിമിനല്‍ സംഘര്‍ഷം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളെന്ന് അറിയുന്നു. വരുന്ന ദിവസം കൂടുതല്‍ വെളിപ്പെടുത്തലുകളും അറസ്റ്റുകളും ഉണ്ടാവുമെന്നാണ് ഇക്കണോമിക് ഓഫന്‍സസ് വിങില്‍ നിന്ന് ലഭിക്കുന്ന സൂചന.