ദില്ലി: ജനുവരി 20 മുതല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കി. ജനുവരി 20 മുതല്‍ എല്ലാ ബാങ്കുകളും പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് ചെക്ക് ചെയ്യുന്നതും അടക്കം എല്ലാ സര്‍വീസുകള്‍ക്കും പണം ഈടാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ചു വന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രചരണം.
എന്നാല്‍ ഇത്തരമൊരു പരിഷ്‌കാരം തങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. നേരത്തെ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഇത്തരമൊരു അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും അതിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. രാജ്യത്തെ ഒരു ബാങ്കിലും ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ അറിയിപ്പ് കേന്ദ്ര ധനവകുപ്പ് സെക്രട്ടറി രാജീവ് കുമാറും ട്വീറ്റ് ചെയ്തിട്ടുണ്ട്.
