വന്‍തുക വായ്പ എടുത്ത് തിരിച്ചടക്കാത്ത കമ്പനികള്‍ക്ക് എതിരെ ബാങ്കുകള്‍ നടപടി തുടങ്ങി. നിര്‍മാണ രംഗത്തെ പ്രമുഖനായ ലാന്‍കോ ഇന്‍ഫ്രാടെക്കിനെതിരെയാണ് ആദ്യഘട്ട നടപടി. ലാന്‍കോയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖല ബാങ്കായ ഐ.ഡി.ബി.ഐ ബാങ്ക് കോടതിയെ സമീപിക്കും. 

17,000 കോടിയോളം രൂപ ലാന്‍കോ ഇന്‍ഫ്രാടെക് ഐ.ഡി.ബി.ഐ ബാങ്കിന് നല്‍കാനുണ്ട്. കമ്പനിയുടെ മൊത്തം മൂലധനത്തിനടുത്ത് വായ്പാ തുക എത്തിയതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. ലാന്‍കോയെ പാപ്പരായി പ്രഖ്യാപിച്ചാല്‍ ബാങ്കിന് ജപ്തി നടപടികളിലേക്ക് നീങ്ങാം. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐ.ഡി.ബി.ഐ ബാങ്ക് കടുത്ത നടപടികളിലേക്ക് നീങ്ങിയത്. രണ്ടര ലക്ഷം രൂപയുടെ കിട്ടാക്കടം വരുത്തിയത് 12 പേരാണെന്ന് ആഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിലുള്ള കമ്പനിയാണ് ലാന്‍കോ ഇന്‍ഫ്രാടെക്. മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ലാന്‍കോ ഇന്‍ഫ്രാടെക് 2010ല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വളര്‍ച്ചയുള്ള കമ്പനിയായിരുന്നു. പിന്നീട് കരാറുകള്‍ തുടര്‍ച്ചയായി റദ്ദായതാണ് കമ്പനിയെ നഷ്‌ടത്തിലാക്കിയത്.