സുരക്ഷിതമായ ഇ-പേയ്മെന്റ് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) ഇനി ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ലഭിക്കും. നേരത്തെ ആഡ്രോയിഡ് വെര്‍ഷനില്‍ ലഭ്യമായിരുന്ന ഭീമിന്റെ ഐ.ഒ.എസ് പതിപ്പ് ഇന്നാണ് പുറത്തിറങ്ങിയത്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഭീം ഉപയോഗിച്ച് തുടങ്ങാമെന്ന് നിതി ആയോഗ് ട്വിറ്ററിലൂടെ അറിയിച്ചു.
ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീം ആപ് പുറത്തിറക്കിയത്. വന്‍ സ്വീകരണമാണ് ആപ്പിന് അന്നു മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആപ് ഉപയോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞെന്ന് കഴിഞ്ഞമാസം കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചിരുന്നു. ആധാര്‍ അധിഷ്ഠിത പണമിടപാട് സൗകര്യങ്ങള്‍ കൂടി ലഭ്യമാക്കുന്നതോടെ ഭീം ആപ്പ് കൂടുതല്‍ ജനപ്രിയമാകുമെന്നുറപ്പാണ്. ആപ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ക്കും ഇത് വഴി പണം സ്വീകരിക്കുന്ന വ്യാപാരികള്‍ക്കും ഒട്ടനവധി സമ്മാന പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
