സഹകരണ ബാങ്കുകളില്‍ മുഴുവന്‍ കള്ളപ്പണമാണെന്നും പണം പിന്‍വലിക്കല്‍ തീരുമാനത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കരുതെന്നും ആവശ്യപ്പെടുന്ന ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പെന്ന് ആരോപണം. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തൊടൊപ്പം ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തും മഹാരാഷ്ട്രയും കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്ന ശേഷമാണ് രണ്ട് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന വ്യത്യസ്ഥ നിലപാടുകള്‍ ചര്‍ച്ചയാവുന്നത്. കേരളവും തമിഴ്നാടും സമാനമായ നിലപാടുകളാണ് സഹകരണ ബാങ്ക് വിഷയത്തില്‍ സ്വീകരിച്ചത്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം ആദ്യം മുതല്‍ എതിര്‍ത്ത ശിവസേനയും സഹകരണ ബാങ്കുകളോടുള്ള സമീപനം വിമര്‍ശിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പണം പിന്‍വലിക്കല്‍ നടപടിയില്‍ നിന്ന് ഇളവ് ചോദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലത്തെ സമീപിച്ചിരിക്കുന്നത്. നേരത്തെ സഹകരണ ബാങ്കുകള്‍ക്ക് പണം മാറി നല്‍കാന്‍ അധികാരമില്ലെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം കത്തുനല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇളവ് ചോദിച്ച് നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക്സ് ചെയര്‍മാനായ ദിലീപ് സന്‍ഗാനിയാണ് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്. ബി.ജെ.പിയുടെ മുന്‍ എം.പിയും ഗുജറാത്തിലെ കൃഷിമന്ത്രിയുമാണ് അദ്ദേഹം. സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയെന്നായിരുന്നു ചൊവ്വാഴ്ച കേന്ദ്ര ധനകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ വിളിച്ചു. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് പ്രാപ്യമായ ബാങ്കുകള്‍ സഹകരണ ബാങ്കുകളാണെന്നും അവ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും അദ്ദേഹം കേന്ദ്ര ധനകാര്യ മന്ത്രിയെ അറിയിച്ചെന്നും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സഹകരണ ബാങ്കുകളെയും നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുവദിക്കണമെന്നായിരുന്നു ഫട്നാവിസിന്റെയും ആവശ്യം. മഹാരാഷ്ട്രയിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നുള്ള 31 പ്രതിനിധികള്‍ റിസര്‍വ് ബാങ്ക് അധികൃതരെ സന്ദര്‍ശിച്ചും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

ബി.ജെ.പി സംസ്ഥാന ഭരണ നയിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും സഹകരണ ബാങ്കുകള്‍ക്ക് ഇളവ് വേണമെന്ന് ആവശ്യപ്പെടുകയും അതിനായി കേന്ദ്ര സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമ്പോഴും കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ സഹകരണ ബാങ്കുകള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളം ഒഴികെ മറ്റ് ഒരു സംസ്ഥാനവും സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി ഇളവ് ചോദിക്കുന്നില്ലല്ലോ എന്ന ന്യായമാണ് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്നതിന് തെളിവൊന്നേണം ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നതും.