ദില്ലി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. നോട്ട് നിരോധനത്തിന്റെ ഗുണം സര്‍ക്കാറിന് ഇതിനോടകം തന്നെ കിട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രിയാണ് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളും കേന്ദ്ര മന്ത്രിമാരും രാജ്യത്തുടനീളം പര്യടനം നടത്തി ഇതിന്റെ പ്രയോജനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. കള്ളപ്പണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ജനങ്ങളെ അറിയിക്കും. പണമിടപാടുകള്‍ കുറയ്ക്കാനും വാണിജ്യ ഇടപാടുകള്‍ ഡിജിറ്റല്‍ വത്കരിക്കാനും ലക്ഷ്യമിട്ടുള്ള വലിയൊരു തീരുമാനമായിരുന്നു നോട്ട് നിരോധനമെന്നും ജെയ്റ്റ്‍ലി പറഞ്ഞു. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. കോണ്‍ഗ്രസിന് അധികാരത്തില്‍ തുടരാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ കള്ളപ്പണത്തിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതിയിടുന്നത്.