മൂന്നാര്‍: കാലാവസ്ഥാ വ്യതിയാനവും വിലത്തകര്‍ച്ചയും കുരുമുളക് കൃഷിയ്ക്ക് തിരിച്ചടിയാകുന്നു. കാലാവസ്ഥയിലുണ്ടായ സാരമായ മാറ്റം
ഇത്തവണയും ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവിന് കാരണമാകുന്നതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. കുരുമുളക് ചെടികള്‍ തളിര്‍ത്ത് തിരിയിടുന്ന സമയത്ത് വേണ്ടരീതിയില്‍ മഴ ലഭിക്കാത്തതാണ് ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകാന്‍ പ്രധാനകാരണം.

ഇതോടെ ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ കര്‍ഷകര്‍ കുരുമുളക് കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ഷകര്‍ നേരിടുന്ന തിക്താനുഭവങ്ങളാണ് കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്തിരിയാന്‍ കാരണം. ഇതിന്റെ കൂടെയാണ് ഇടുത്തീ പോലെ വിലയിടിവും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 700 രൂപ വില ലഭിച്ചിരുന്ന കുരുമുളകിന് നിലവില്‍ 400 മുതല്‍ 450 രൂപവരെയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കുരുമുളക് കൃഷിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത്. 

കുരുമുളക് ചെടികളില്‍ പരാഗണം നടക്കുന്നത് വെള്ളത്തിലൂടെയാണ്. അതുകൊണ്ട് തന്നെ കുരുമുളക് വിളവെടുപ്പിന് ശേഷം വള്ളികളില്‍ പുതിയതായി തിരിയിട്ടു കഴിഞ്ഞാല്‍ ഇവയില്‍ ഉണ്ടാകുന്ന പൂവുകളില്‍ പരാഗണം നടക്കണമെങ്കില്‍ യഥാസമയം മഴ ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തവണയുണ്ടായ കടുത്ത വരള്‍ച്ചയില്‍ വേണ്ട രീതിയില്‍ മഴ ലഭിക്കാത്തതിനാല്‍ ഉല്‍പ്പാദനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ മഞ്ഞപ്പ്, തിരികൊഴിച്ചില്‍, ഇലകരിച്ചില്‍ എന്നീ രോഗ കീടബാധയും വര്‍ധിച്ചിട്ടുണ്ട്. 

ഇവയെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകളുടേയും കീടനാശിനികളുടേയും വില വര്‍ധനവും കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാണ് സമ്മാനിക്കുന്നത്. ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുന്ന സാഹചര്യത്തില്‍ ഏത് വിളയ്ക്കും വില ഉയര്‍ന്ന് കിട്ടേണ്ടതാണ്. എന്നാല്‍ കേരളത്തിലേക്ക് കുരുമുളക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് മൂലമാണ് നിലവില്‍ കുരുമുളകിന് വില ഉയരാത്തതിന് കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 

ഗുണനിലവാരം കുറഞ്ഞ കുരുമുളക് ഇവിടേക്ക് ഇറക്കുമതി ചെയ്യുകയും ഇത് കേരളത്തിലെ കുരുമുളകുമായി കൂട്ടി കലര്‍ത്തി കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. ഇതുമൂലം കേരളത്തില്‍ നിന്നുമെത്തുന്ന കുരുമുളകിന് ഗുണനിലവാരമില്ലെന്ന കാരണത്താലും വില കുറയുവാന്‍ കാരണാകുന്നുണ്ട്. വന്‍തോതിലുള്ള കുരുമുളക് ഇറക്കുമതി തടയുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കറുത്തപൊന്നും ഹൈറേഞ്ചില്‍ നിന്ന് പടിയിറങ്ങും.