പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാറിന് കൈമാറാനുള്ള നീക്കം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. കൈമാറ്റം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറും തൊഴിലാളികളും ശ്രമിക്കുമ്പോള്‍, ബി.എം.എസ് കോടതിയെ സമീപിച്ചതോടെയാണ് നടപടിക്രമങ്ങള്‍ വൈകുന്നത്. വിഷയത്തില്‍ സംയുക്ത സമരത്തിനൊരുങ്ങുകയാണ് മറ്റു തൊഴിലാളി സംഘടനകള്‍.
ഇന്‍ട്രമെന്റേഷന്‍ ലിമിറ്റഡിന്റെ രാജസ്ഥാന്‍, പാലക്കാട് യൂണിറ്റുകള്‍ അടച്ചു പൂട്ടാനായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനം. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന പാലക്കാട് യൂണിറ്റ് എറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ കൈമാറാന്‍ കേന്ദ്രവും തീരുമാനിച്ചു. ജീവനക്കാരുടെ ശമ്പള കുടിശ്ശിക അടക്കം 40 കോടിയുടെ ബാധ്യയുടെ കാര്യത്തില്‍ നിശബദ്ത പാലിച്ചാണ് സ്ഥാപനം, സംസ്ഥാന സര്‍ക്കാരിനു കൈമാറാന്‍ ഒരു വര്‍ഷം മുന്‍പ് കേന്ദ്രം തീരുമാനിച്ചത്. ബാധ്യതകള്‍ തീര്‍ക്കാതെ യൂണിറ്റ് സംസ്ഥാനത്തിനു കൈമാറാന്‍ പാടില്ലെന്ന് ബി.എം.എസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കാര്യങ്ങളില്‍ അനിശ്ചിതാവസ്ഥയുണ്ടായത്. നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യമുയര്‍ത്തി വിവിധ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കിയ സാഹചര്യത്തില്‍ ബി.എം.എസ് കോടതിയെ സമീപിച്ചത് ദുരുദ്ദേശപരമാണെന്ന് നേതാക്കള്‍ പറഞ്ഞു.
നഷ്‌ടത്തിലായിരുന്ന കോട്ട യൂണിറ്റിന്റെ ബാധ്യത തീര്‍ക്കാന്‍ 742 കോടി മുടക്കിയ കേന്ദ്രം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് യൂണിറ്റിന്റെ കാര്യത്തില്‍ തുടരുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നാണ് വിവിധ തൊഴിലാളി സംഘടനകളുടെ നിലപാട്. വിഷയത്തില്‍ യോജിച്ച സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഇടത് വലത് തൊഴിലാളി യൂണിയനുകള്‍.
